forest

പ്രമാടം : വന്യജീവി ആക്രമണം രൂക്ഷമായ കോന്നി വനമേഖലയ്ക്ക് രക്ഷയൊരുക്കാൻ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) രൂപീകരിക്കുന്നു. ഇതിനായുള്ള വനംവകുപ്പിന്റെ ശുപാർശ സംസ്ഥാന സർക്കാർ അംഗീകരിച്ചു. ജില്ലയിൽ റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് റാപ്പിഡ് റെസ്പോൺസ് ടീം ഇപ്പോഴുള്ളത്. കോന്നി വനമേഖലയിൽ അടിയന്തര സാഹചര്യങ്ങളിൽ റാന്നി ടീമിന്റെ സഹായമാണ് തേടുന്നത്. ആർ.ആർ.ടി നിലവിൽ വരുന്നതോടെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തിക ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറായും ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകൾ ഫോറസ്റ്റ് ഓഫീസർ തസ്തികയായും ഉയർത്തും.

കോന്നി വനമേഖല

കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനം.

വിസ്തൃതി : 331.66 ചതുരശ്ര കിലോമീറ്റർ.

ആനയും കടുവയും പുലിയും വിഹരിക്കുന്ന വനം.

വന്യമൃഗങ്ങൾ ഭീഷണിയായിട്ടും ഇവയെ തുരത്താൻ ശാസ്ത്രീയ സംവിധാനങ്ങളില്ല. യഥാസമയം വനപാലകർ എത്താത്തതും പലപ്പോഴും പരാതികൾക്കും വാക്കേറ്റങ്ങൾക്കും കാരണമാകുന്നു. ആർ.ആർ.ടി നിലവിൽ വരുന്നതോടെ പ്രതിസന്ധികൾക്ക് പരിഹാരമാകും.

ജീവനെടുക്കുന്ന വന്യത

വന്യജീവി ആക്രമണത്തിൽ കോന്നിയിൽ എട്ട് വർഷത്തിനിടെ 20 ജീവനുകളാണ് പൊലിഞ്ഞത്. നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു.

ആറ് വർഷം മുമ്പ് വന സംരക്ഷണസമിതി പ്രവർത്തകൻ രവിയെ കൊന്നുതിന്നതായിരുന്നു കടുവ സാന്നിദ്ധ്യം അറിയിച്ചത്. മൂന്ന് വർഷം മുമ്പ് ടാപ്പിംഗ് തൊഴിലാളിയായ ബിനീഷ് മാത്യുവിനെ കടുവ കൊന്നു. എട്ട് വർഷത്തിനിടെ വിഷ പാമ്പുകളുടെ കടിയേറ്റ് 14 പേർ മരിച്ചു. കാട്ടുപന്നിയുടെയും കാട്ടുപൂച്ചയുടയും കടന്നലിന്റെയും ആക്രമണങ്ങളിൽ ജീവനുകൾ നഷ്ടമായിട്ടുണ്ട്.

കോന്നി ഫോറസ്​റ്റ് ഡിവിഷൻ
മൂന്ന് റേഞ്ചുകളിലായി എട്ട് ഫോറസ്റ്റ് സ്​റ്റേഷനുകളാണ്

കോന്നി വനം ഡിവിഷനിലുള്ളത്.

കോന്നി റേഞ്ച്
നോർത്ത് കുമരംപേരൂർ സ്​റ്റേഷൻ
സൗത്ത് കുമരംപേരൂർ സ്​റ്റേഷൻ

നടുവത്തുമൂഴി റേഞ്ച്
കൊക്കാത്തോട് സ്​റ്റേഷൻ
കരിപ്പൻതോട് സ്​റ്റേഷൻ
പാടം

മണ്ണാറപ്പാറ റേഞ്ച്
ചെമ്പാല സ്​റ്റേഷൻ
മണ്ണാറപ്പാറ സ്​റ്റേഷൻ
പച്ചക്കാനം