തിരുവല്ല: കാർഷിക രംഗത്തെ വളർച്ചയ്‌ക്കൊപ്പം കവിയൂർ പഞ്ചായത്ത് കൃഷിഭവനും മുഖംമിനുക്കി. കർഷക സൗഹൃദമായ കൂടുതൽ സൗകര്യത്തോടുകൂടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് ഓഫീസിന് സമീപത്തെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴത്തെ നിലയിലാണ് പുതിയ കൃഷിഭവൻ സജ്ജമാക്കിയിട്ടുള്ളത്. മുമ്പ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിൽ കൃഷിഭവൻ പ്രവർത്തിച്ചിരുന്നതിനാൽ എത്തിച്ചേരാനും മറ്റും കർഷകർ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ജീവനക്കാർക്ക് ഒത്തുചേരാൻ പോലും ഇടമില്ലാതെ ഇടുങ്ങിയ രണ്ട് മുറിയിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടത്തിൽ മിനി കോൺഫ്രൻസ് ഹാൾ, ഫർണിഷ് ചെയ്ത ഓഫീസ്, ഫ്രണ്ട് ഓഫീസ്, കൂടുതൽ ഇരിപ്പിടങ്ങൾ, കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.75 ലക്ഷം രൂപ ചെലവഴിച്ചാണ് കൃഷിഭവൻ നവീകരിച്ചത്. കവിയൂർ പുഞ്ചയിൽ ഉൾപ്പെടെ പഞ്ചായത്തിലെ മുന്നൂറ് ഏക്കറിൽ കൃഷി വ്യാപകമാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കി നവീകരിച്ച കൃഷിഭവൻ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ പറഞ്ഞു.