rubbar-
റബ്ബർ തോട്ടത്തിലെ കമഴ്ത്തിവയ്ക്കാത്ത ചിരട്ടയിൽ കൂത്താടി വളരുന്നു

കോന്നി: ഇടവിട്ടുള്ള വേനൽ മഴ മലയോരമേഖലയിൽ കൊതുകുശല്യം രൂക്ഷമാകുന്നു. പ്രദേശത്തെ റബ്ബർ തോട്ടങ്ങളാണ് പ്രധാനമായും കൊതുകുകളുടെ ഉറവിടമായി മാറിയിരിക്കുന്നത്. റബ്ബർ തോട്ടങ്ങളിലെ കമഴ്ത്തി വയ്ക്കാത്ത ചിരട്ടകളിലെ വെള്ളത്തിൽ കൊതുക് മുട്ടയിട്ട് കൂത്താടികൾ പെരുകാൻ കാരണമാകുന്നു. എല്ലാ വർഷവും നടത്തുന്ന മഴക്കാല പൂർവ ശുചീകരണം തുടങ്ങാത്തതും കൊതുകുകൾ പെരുകുന്നതിനു കാരണമാകുന്നുണ്ട്. പഞ്ചായത്ത് ഭരണ സമിതികളും ആരോഗ്യ വകുപ്പും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയുമുണ്ട്. തണ്ണിത്തോട് പഞ്ചായത്തിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുമുണ്ട്. മുൻപ് മഴക്കാലത്തിനു മുൻപ് ആരോഗ്യപ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും വീടുകൾ സന്ദർശിച്ച് വീടും പരിസരപ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കാനുള്ള ബോധവത്ക്കരണം നടത്താറുണ്ടായിരുന്നു. റബ്ബർ തോട്ടങ്ങളിലെ ചിരട്ടകൾ കമഴ്ത്തി വയ്ക്കാൻ കർഷകർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും ബോധവത്കരണം നടത്തേണ്ടതുമുണ്ട്.

മുൻകരുതൽ വേണം

തണ്ണിത്തോട്, തേക്കുതോട്, പറക്കുളം മേഖലകളിൽ കൊതുകുശല്യം രൂക്ഷമായിട്ടുണ്ട്. റബ്ബർ തോട്ടങ്ങളിലെ കൊതുകുകൾ ടാപ്പിംഗ് ചെയ്യുന്ന തൊഴിലാളികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. മഴക്കാലം ആകുമ്പോൾ കൊതുകുകൾ പെരുകി ഡെങ്കിപ്പനി, മലേറിയ എന്നി മാരകമായ പനികൾ ഉണ്ടാവാനുള്ള സാദ്ധ്യത വർദ്ധിക്കുകയാണ്‌. പ്രശ്നത്തിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇടപെട്ടില്ലെങ്കിൽ പ്രശ്നം കൂടുതൽ സങ്കീർണമാകും. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കി ഇതിനു മുൻ കരുതൽ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൺസൂൺ അടുക്കുമ്പോൾ കൊതുകുകളുടെ എണ്ണം കുതിച്ചുയരുന്നത് പതിവാണ്. ഇതിനെ വേഗത്തിലും ഫലപ്രദമായും കൈകാര്യം ചെയ്യേണ്ടത് നിർണായകമായി മാറും. മലയോരമേഖലയിലെ റബ്ബർ തോട്ടങ്ങളോടൊപ്പം ചതുപ്പുകൾ, ജലാശയങ്ങൾ വരെ ഇവയുടെ കേന്ദ്രങ്ങളാണ്.

..................................................

വെള്ളം കെട്ടിനിന്ന് കൊതുകുകൾ വളരുന്നത് തടയാൻ നാട്ടുകാരുടെയും ആരോഗ്യ വകുപ്പിന്റെയും ത്രിതല പഞ്ചായത്ത് ഭരണ സമിതികളുടെയും ഇടപെടൽ ഉണ്ടാവണം പി കെ മോഹൻദാസ് ( റബ്ബർ കർഷകൻ )