ചെങ്ങന്നൂർ: കടുത്ത വേനലിൽ ദാഹമകറ്റാൻ വാങ്ങിക്കുടിക്കുന്ന ശീതളപാനീയങ്ങളിൽ വ്യാജന്മാരുടെ വിളയാട്ടമെന്ന് ആക്ഷേപം. രജിസ്‌ട്രേഷനോ കൃത്യമായ നിർമ്മാണ വിവരങ്ങളോ ഇല്ലാത്ത കമ്പനികളാണ് 10രൂപയുടെയും 20 രൂപയുടെയും ചെറിയ ബോട്ടിലുകളിൽ ശീതളപാനീയങ്ങൾ വിതരണം ചെയ്യുന്നത്. കള്ളപ്പേരുകളിലാണ് ഇവയിലേറെയും കടകളിൽ എത്തിക്കുന്നത്. കൂടുതൽ തുക കമ്മീഷനായി ലഭിക്കുമെന്നതിനാൽ കടക്കാരിൽ ഒരുവിഭാഗവും ഇവർക്ക് കൂട്ടുനിൽക്കുന്നതായാണ് ആക്ഷേപം. ഇത്തരം പാനീയങ്ങൾ പൊള്ളുന്ന ചൂടിൽ ആശ്വാസം നൽകുമെങ്കിലും ആരോഗ്യത്തിന് ഹാനികരമാകാനുള്ള സാദ്ധ്യത ഏറെയാണ്. പ്ലാസ്റ്റിക്ക് കുപ്പികളിൽ നിറയ്ക്കുന്ന വെള്ളത്തിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ആരോഗ്യത്തിന് ദോഷകരമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തുടർച്ചയായി വെയിലേറ്റാൽ മൈക്രോ പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്കിൽ ചേർത്തിട്ടുള്ള രാസവസ്തുവായ ഡിസ്റ്റിനോളും നേരിയ തോതിൽ വെള്ളത്തിൽ കലരും. മലിനമായ വെള്ളത്തിന്റെ ഉപയോഗം മൂലം ജലജന്യ രോഗങ്ങൾക്കുപരി ആരോഗ്യപ്രശ്‌നങ്ങൾ പിടിപെടാം. ക്ഷീണവും ദാഹവുമകറ്റാൻ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ചുവരുന്ന വിവിധ നിറത്തിലുള്ള രുചികരവും ആകർഷിക്കുന്ന ഗന്ധവുമുള്ള കാർബണേറ്റ് സോഫ്റ്റ് ഡ്രിങ്ക്‌സുകളെയും പലരും കണ്ണടച്ച് വിശ്വസിച്ചാണ് വിനിയോഗിക്കുന്നത്. എന്നാൽ അവയിലെ ഘടകങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഏറെയാണ്. പ്ലാസ്റ്റിക്കിൽ നിന്ന് ഭക്ഷണ പാനീയങ്ങളിലേക്ക് പ്രവേശിക്കുന്ന രാസഘടകമാണ് ബി.പി.എ (ബിസ്ഫിനോൾ). കടുപ്പമേറിയ പ്ലാസ്റ്റിക് കുപ്പികളിലാണ് ഈ ഘടകം പൊതുവേ കാണുന്നത്. വ്യാജ ശീതള പാനിയവിതരണക്കമ്പനികൾക്കെതിരെയും ഇവ വിതരണം ചെയ്യുന്ന ഇടനിലക്കാർക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്. ബേക്കറികളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന നടത്തിയാൽ ഒരു പരിധിവരെ ഇത്തരക്കാരുടെ കച്ചവടത്തിന് വിലക്കേർപ്പെടുത്താവുന്നതാണ്.
............................
1. ബേക്കറികളിൽ ഭക്ഷ്യാ സുരക്ഷാ വകുപ്പിന്റെ പരിശോധനിയില്ല
2. ഇടനിലക്കാരിൽ നിന്ന് ബേക്കറി ഉടമകൾക്ക് കൂടുതൽ കമ്മിഷൻ
3. 10 രൂപയുടെയും 20 രൂപയുടെയും ചെറിയ ബോട്ടിലുകളിൽ ശീതളപാനീയങ്ങൾ
4. ആരോഗ്യത്തിന് ഹാനികരമാകാനുള്ള സാദ്ധ്യത ഏറെ
.........................
പത്തുരൂപയ്ക്ക് കിട്ടുന്ന ജ്യൂസും പല സ്വാദിലുള്ള സോഡയ്ക്കുമാണ് ഡിമാന്റ്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടായാൽ ഇത്തരം വിഷം കലർന്ന ജ്യൂസുകൾ വിപണിയിൽ നിന്ന് മാറ്റുവാൻ സാധിക്കും.
അനിൽകുമാർ
(ബേക്കറി ഉടമ )