പന്തളം: ബി.ജെ.പി കൗൺസിലറും പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മഹാഇടവക സെക്രട്ടറിയുമായ ബെന്നി മാത്യുവിന്റെ നേതൃത്വത്തിൽ മുട്ടാർ മന്നം ആയുർവേദ മെഡിക്കൽ കോളേജ് റോഡരികിൽ കുരിശ് സ്ഥാപിച്ചത് വിവാദമായി. കുരിശ് എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട്
ഹിന്ദു ഐക്യവേദി നഗരസഭാ കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നിലംനികത്തിയും പി.ഡബ്ല്യു.ഡിയുടെ സ്ഥലം കൈയേറിയുമാണ് കുരിശ് സ്ഥപിച്ചതെന്നാണ് ആരോപണം. ഹിന്ദു ഐക്യവേദി നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ടി.ആർ.ജയദേവ്, ജനറൽ സെക്രട്ടറി കെ.ശശിധരൻ, സതീഷ് കുമാർ, കെ.പി.സുരേഷ് കുമാർ, കെ.രാജേന്ദ്രൻ, സുരേഷ് മണ്ണടി എന്നിവർ സംസാരിച്ചു. അതേസമയം 12 വർഷങ്ങൾക്ക് മുമ്പ് ഇടവകാംഗം ജയിംസ് കുട്ടി സൗജന്യമായി നൽകിയ ഒരു സെന്റ് ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് ബെന്നി മാത്യു പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പള്ളിക്ക് സ്ഥലം നൽകിയെങ്കിലും സമീപത്തെ വയലിലേക്ക് ഇറങ്ങാനുള്ള വഴിയാണെന്ന് കാട്ടി വയലിന്റെ ഉടമസ്ഥരായ ചിലർ അടൂർ കോടതിയെ സമീപിച്ചിരുന്നു. അടുത്തിടെ കോടതി കേസ് ഒത്തുതീർപ്പാക്കുകയും വഴി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. ഇടവകയ്ക്ക് സൗജന്യമായി ലഭിച്ച സ്ഥലത്ത് അതിരുകൾ കെട്ടി കുരിശ് സ്ഥാപിക്കുകയായിരുന്നു.