നാലായിരം കിലോ വിളവെടുത്തു
തിരുവല്ല : അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തണ്ണിമത്തനുകൾക്ക് വെല്ലുവിളി ഉയർത്തുകയാണ് കവിയൂരിൽ വിളവെടുത്ത തണ്ണിമത്തൻ. പഞ്ചായത്തും കൃഷിവകുപ്പും ഒത്തുചേർന്നപ്പോൾ രുചിയിലും ഗുണത്തിലും മുന്നിലുള്ള കിരൺ ഇനത്തിലുള്ള 4000 കിലോ തണ്ണിമത്തനാണ് കവിയൂർ പഞ്ചായത്തിൽ വിളവെടുക്കാനായത്. പ്രഭാസതീഷ്, എൻ.കെ. രാജപ്പൻ, അശ്വതി സദാനന്ദൻ, ഉഷ അനിൽകുമാർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി. തൈനടീൽ മുതൽ വിളവെടുപ്പ് വരെയുള്ള ഇവരുടെ രണ്ടരമാസത്തെ അദ്ധ്വാനമാണ് ഫലം കണ്ടത്. തോട്ടഭാഗം, മുണ്ടിയപ്പള്ളി എന്നിവിടങ്ങളിലെ പുരയിടങ്ങളിലാണ് കൃഷിയിറക്കിയത് നിരപ്പായ സ്ഥലത്ത് പടരാൻ ആവശ്യമായ പശ്ചാത്തലമുണ്ടെങ്കിൽ തണ്ണിമത്തൻ കൃഷിയിൽ സുലഭമായി വിളവെടുക്കാം. ഒരുമൂടിൽത്തന്നെ ഇരുപതിനടുത്ത് തണ്ണിമത്തൽ ലഭിക്കും. ആവശ്യക്കാർ നേരിട്ടെത്തിയാണ് തണ്ണിമത്തൻ വാങ്ങുന്നത്. കിലോയ്ക്ക് 40 മുതൽ അമ്പത് രൂപവരെ ലഭിക്കും. വില്പനയ്ക്കായി കടക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും കൊടുക്കാൻ ഉണ്ടാകാറില്ല. ഭൂരിഭാഗവും കൃഷിയിടത്തിൽവച്ചുതന്നെ വിറ്റുപോകുന്നുണ്ടെന്ന് കർഷകർ പറഞ്ഞു.
പൂർണമായി ജൈവകൃഷിരീതി പിന്തുടർന്നതിനാൽ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ഉണ്ടാകുന്നതെന്ന് കൃഷി ഓഫീസർ സന്ദീപ് പി. കുമാർ പറഞ്ഞു. ചാണകപ്പൊടി, എല്ലുപൊടി എന്നിവയാണ് ഉപയോഗിച്ചത്. വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം എന്നിവയാണ് കീടനാശനി.
---------------------
മികച്ച പ്രവർത്തനമാണ് കൃഷിഭവനും കർഷകരും ചേർന്ന് പൂർത്തിയാക്കിയത്. കാർഷിക മേഖലയിൽ ഉണർവേകുന്ന കൂടുതൽ പദ്ധതികൾ നടപ്പാക്കും
.
എം.ഡി. ദിനേശ് കുമാർ
(പഞ്ചായത്ത് പ്രസിഡന്റ്)