mcf
പള്ളിക്കൽ എം സി എഫിൽ മാലിന്യങ്ങൾ കൂടി കിടക്കുന്നു

അടൂർ : പള്ളിക്കൽ പഞ്ചായത്തിലെ 22-ാം വാർഡിൽ പ്രവർത്തിക്കുന്ന അജൈവ പാഴ്‌വസ്‌തു സംഭരണ കേന്ദ്രം (എം.സി.എഫ് ) നാട്ടുകാർക്ക് തലവേദനയാകുന്നു. പഞ്ചായത്തിലെ 23-ാം വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന, പ്ലാസ്റ്റിക്ക്, ചില്ലു കുപ്പികൾ, ട്യൂബ് ലൈറ്റ് അടക്കമുള്ള പാഴ്‌വസ്തുക്കൾ സംഭരിക്കുന്ന കേന്ദ്രം നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. കേന്ദ്രത്തിന് പുറത്തായി പാഴ്‌വസ്തുക്കൾ കൂട്ടിയിട്ടിരിക്കുകയാണ്. സ്ഥലപരിമിതിയാണ് പ്രധാന പ്രശ്‌നം. പഞ്ചായത്തിന്റെ 50 സെന്റ് സ്ഥലത്തിനുള്ളിൽ അഗ്രോസ് ക്ലിനിക്, കുടുംബശ്രീ ഹാൾ, ജലവിതരണ യൂണിറ്റ്, വോളിബാൾ കോർട്ട് , കുടുംബശ്രീ ഹരിത പച്ചക്കറി സ്റ്റാൾ തുടങ്ങിയവ നിൽക്കുന്ന കോമ്പൗണ്ടിനുള്ളിൽ തന്നെയാണ് എം.സി.എഫ് സ്ഥിതി ചെയ്യുന്നത്. വോളിബാൾ കോർട്ട് ഇപ്പോൾ മാലിന്യങ്ങൾ നിറഞ്ഞ് കഴിഞ്ഞു. കുട്ടികൾക്ക് കളിക്കുവാൻ സാധിക്കുന്നില്ല.

മറ്റ് പഞ്ചായത്തുകളിൽ നിന്ന് കൂടി മാലിന്യങ്ങൾ എത്തിച്ച് ഇവിടെ സംസ്‌കരിക്കാനുള്ള പഞ്ചായത്തിന്റെ നീക്കം നാട്ടുകാർ തടഞ്ഞിരുന്നു. അത് കാരണം സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടില്ല. നിലവിൽ തമിഴ്‌നാട്ടിൽ നിന്നുള്ള കമ്പനി വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം അവർക്കാവശ്യമുള്ള പ്ലാസ്റ്റിക്ക് വേസ്റ്റ് മാത്രം കൊണ്ട് പോകുകയാണ് ചെയ്യുന്നത്. മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുന്നത് മഴക്കാലമാകുമ്പോൾ പകർച്ചവ്യാധികൾ ഉണ്ടാകാൻ കാരണമായേക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നുണ്ട്. അടൂർ അഗ്നിശമന സേനാ വിഭാഗം പരിശോധന നടത്തി എം.സി.എഫ് നടത്തിപ്പിനാവശ്യമായ മാർഗനിർദേശങ്ങൾ ബി.ഡി.ഒ യ്ക്ക് നൽകിയിട്ടുണ്ടെന്ന് അടൂർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ പറഞ്ഞു.

.........................................................

യൂണിറ്റിന് വെളിയിൽ പാഴ്‌വസ്തുക്കൾ ഇടാൻ പാടില്ല എന്ന നിർദ്ദേശം കൊടുത്തിട്ടുണ്ട്. കൂടാതെ ജനവാസ മേഖലയല്ലാത്ത ഭാഗത്തേക്ക് മാറ്റി മാലിന്യ സംസ്ക്കരണ യൂണിറ്റ് തുടങ്ങണമെന്ന് പഞ്ചായത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
രഞ്ജിനി കൃഷ്ണകുമാർ
(പഞ്ചായത്ത് മെമ്പർ)

...................................................

സമയബന്ധിതമായി ക്‌ളീൻ കേരളയ്ക്ക് മാലിന്യങ്ങൾ കൈമാറുവാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പുതിയ ഷെഡ് കൂടി പണിയാൻ 25ലക്ഷം അനുവദിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പ് മൂലം സാധിക്കുന്നില്ല.ആശങ്കകൾക്ക് പഞ്ചായത്ത് പരിഹാരം കാണും.
സുശീല കുഞ്ഞമ്മ കുറുപ്പ്
പഞ്ചായത്ത് പ്രസിഡന്റ്

................................

എം.സി.എഫ് പ്രവർത്തിക്കുന്നത് പള്ളിക്കൽ പഞ്ചായത്തിലെ 22-ാം വാർഡിൽ