ചെങ്ങന്നൂർ : തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ 11മുതൽ 18വരെ നടക്കുന്ന നാലാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണുസത്രത്തിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം ക്ഷേത്രങ്ങളിൽ ആചരിച്ചുവരുന്ന വൈശാഖമാസ തീർത്ഥാടനത്തിന്റെ ഭാഗമായി നടത്തുന്ന മഹായജ്ഞമാണ് പാണ്ഡവീയ മഹാസത്രം. സത്രത്തിൽ മഹാഭാരതത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് നൂറിൽപ്പരം ആചാര്യന്മാരും സന്ന്യാസികളും പ്രഭാഷണം നടത്തും. എല്ലാദിവസവും നാരായണീയ പാരായണം, പൃഥഗാത്മതപൂജ, പഞ്ചമഹാവിഷ്‌ണു പൂജ, കളഭാഭിഷേകം, പ്രഭാഷണങ്ങൾ, ഭജന, നാമസങ്കീർത്തനം തുടങ്ങിയവയുണ്ടാകും. സത്രാചാര്യൻ അഡ്വ.ടി.ആർ. രാമനാഥൻ വടക്കൻ പറവൂരും ആചാര്യൻ പ്രൊഫ. ശബരീനാഥ് ദേവിപ്രിയയുമാണ്. സത്രത്തിനായി വിശാലമായ പന്തലാണ് തയാറാക്കിയിരിക്കുന്നത്. 11ന് രാവിലെ ഒൻപതിന് സമ്പൂർണ ഭഗവത്ഗീതാ പാരായണം, വൈകിട്ട് നാലിന് പഞ്ചപാണ്ഡവ സംഗമം, 4.30ന് സത്രശാലയിൽ പ്രതിഷ്‌ഠിക്കാനുള്ള മഹാവിഷ്ണുവിന്റെ വിഗ്രഹങ്ങളുമായി തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, ആറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവിടങ്ങളിൽനിന്നുള്ള രഥഘോഷയാത്രകളും മുതുകുളം പാണ്ഡവർക്കാവിൽനിന്ന് സത്രശാലയിൽ ഉയർത്തുന്നതിനുള്ള കൊടിക്കൂറയും വഹിച്ചുള്ള ഘോഷയാത്രയും മഴുക്കീർ തൃക്കയിൽ മഹാവിഷ്‌ണുക്ഷേത്രത്തിൽ സംഗമിക്കും. അവിടെനിന്ന് തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിലേക്കു സ്വീകരിക്കും. 12ന് വൈകിട്ട് നാലിന് സത്രസമാരംഭ സഭ. ഏഴിന് പഞ്ചദിവ്യവിഗ്രഹപ്രതിഷ്‌ഠയും ദീപം തെളിക്കലും കൊടിയേറ്റും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പങ്കെടുക്കും. അന്നദാനം, കലാപരിപാടികൾ എന്നിവയുണ്ടാകും