പന്തളം: നഗരത്തിലൂടെ ഒഴുകുന്ന മുട്ടാർ നീർച്ചാൽ മാലിന്യ വാഹിനിയാവുന്നു. നഗരത്തിൽ വിശിയടിക്കുന്ന കാറ്റിന് ഇപ്പോൾ ദുർഗന്ധമാണെന്നാണ് നാട്ടുകാരുടെ പരാതി. എം.സി. റോഡിന് കുറുകെയാണ് നിർചാൽ ഒഴുകുന്നത്. വേനൽ ആയതോടെ നീർച്ചാൽ വറ്റിവരണ്ടു. ടൗണിന്റെ കിഴക്ക് ഭാഗത്ത് നിന്നും എത്തി കെട്ടിക്കിടക്കുന്ന കക്കൂസ് മാലിന്യമാണ് ദുർഗന്ധത്തിന് പ്രധാന കാരണം. ടൗണിലെ കുറുന്തോട്ടയം പാലത്തിനടിയിലാണ് ഈ അവസ്ഥ. ഇവിടെയുള്ള ചില കെട്ടിടങ്ങളുടെ കക്കൂസ് മാലിന്യങ്ങൾ ചാലിലേക്ക് ഒഴുക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ ഭാഗങ്ങളിലുള്ള ചില കെട്ടിടങ്ങളിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ മാലിന്യങ്ങൾ മുഴുവൻ തള്ളുന്നത് മുട്ടാർ ചാലിലേക്കാണ്. 'നാട്ടുകാരും,യാത്രക്കാരും അധികൃതരോട് പരാതി പറഞ്ഞു മടുത്തു. ജനപ്രതിനിധികൾ നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യം ഉന്നയിച്ചിട്ടും നോട്ടീസ് പോലും നൽകിയില്ലെന്നും ആക്ഷേപമുണ്ട്. ദൂരെ സ്ഥലത്ത് നിന്നും ചാലിലേക്ക് കക്കൂസ് മാലിന്യം തള്ളുന്ന അവസ്ഥയ്ക്ക് ഇപ്പോഴും മാറ്റമില്ല. മുട്ടാർ നീർചാലിന്റെ ഭൂരിഭാഗവും പലരും കൈയേറിയിരിക്കുകയാണ്.
നവീകരണത്തിന് ലക്ഷങ്ങൾ പാഴാക്കി
മഴക്കാലത്ത് പോലും നീരൊഴുക്കില്ലാതെ ചാൽ ജനങ്ങൾക്ക് ദുരിതം വിതയ്ക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചാൽ നവീകരണമെന്ന് പറഞ്ഞ് പല പദ്ധതികളും നടപ്പിലാക്കി ലക്ഷങ്ങൾ കളഞ്ഞതല്ലാതെ മാലിന്യം വിതയ്ക്കുന്ന ദുരിതത്തിന് ശമനമില്ല.
.....................................................................
കുറുന്തോട്ടയം പാലത്തിന് താഴെയുള്ള മാലിന്യമൊഴുക്ക് തടഞ്ഞ് യാത്രക്കാർക്ക് ശുദ്ധവായു ശ്വസിക്കാനെങ്കിലും അവസരമുണ്ടാക്കണം.
(നാട്ടുകാർ).
1. കക്കൂസ് മാലിന്യം ചാലിലേയ്ക്ക് തള്ളുന്നു
2. പരാതി പറഞ്ഞ് മടുത്തെന്ന് നാട്ടുകാർ
3. കൈയേറ്റം വ്യാപകം