road-
അടിച്ചിപ്പുഴ റേഷൻ കടയുടെ സമീപത്തായി പൈപ്പ് പൊട്ടി രൂപപ്പെട്ട റോഡിലെ കുഴി

റാന്നി : അടിച്ചിപ്പുഴ റേഷൻ കടയുടെ സമീപത്തായി പൈപ്പ് പൊട്ടി കുഴികൾ രൂപപ്പെട്ടു. രണ്ടു ദിവസമായി റോഡിനു നടുവിലൂടെ വൻതോതിൽ വെള്ളം ഒഴുകുകയാണ്. വർഷങ്ങളായി തകർന്നു കിടന്ന റോഡ് ഒരു മാസം മുമ്പാണ് ടാറിംഗ് പൂർത്തിയാക്കിയത്. അതിനു തൊട്ട് പിന്നാലെയാണ് പൈപ്പുപൊട്ടൽ. രണ്ടു ദിവസമായിട്ടും വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റോഡ് പണി പൂർത്തിയായതിനു പിന്നാലെ പലഭാഗത്തും ടാറിംഗിൽ തകർച്ച നേരിടുന്നത് പരാതി ഉയർന്നതിനു പിന്നാലെയാണ് പൈപ്പ് പൊട്ടിയത്. വെള്ളത്തിന്റെ മർദ്ദം കാരണം റോഡിലെ ടാറിംഗ് മുകളിലേക്ക് പൊങ്ങി വന്നിട്ടുമുണ്ട്. എത്രയും വേഗം പൈപ്പ് നന്നാക്കിയില്ലെങ്കിൽ റോഡിലെ ടാറിംഗ് പൂർണ്ണമായും ഒലിച്ചു പോകും. അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികൾ സ്വീകരിച്ച് ജലവിതരണ പൈപ്പും റോഡും നന്നാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.