അടൂർ : അടൂരിൽ ഏറത്തു പഞ്ചായത്തിലെ പുലിക്കുന്നിൽ കൈതമുക്കിൽ കിണറ്റിൽ അകപ്പെട്ട അഞ്ചുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. വെള്ളം കോരുന്നതിനിടയിൽ കോട്ടക്കാട്ടു കുഴി വീട്ടിൽ രാജുവിന്റെ (55)കൈയ്യിൽ നിന്ന് വഴുതിപ്പോയ തൊട്ടിയും കയറും എടുക്കാൻ കിണറ്റിൽ ഇറങ്ങുന്നതിനിടെ രാജു കുഴഞ്ഞു വീഴുകയും തുടർന്ന് സഹായിക്കാനെത്തിയ സമീപവാസികളായ കൊച്ചുമോൻ (45), അജി (35), സുനിൽ (30), അനൂപ് (25), എന്നിവർ കിണറ്റിലകപ്പെടുകയുമായിരുന്നു.
ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. അടൂർ അഗ്നിശമനസേന സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാർ കിണറ്റിൽ അകപ്പെട്ട ആളുകളെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചു.സംഭവം കണ്ടുനിന്ന സമീപവാസിയായ സുനിത (36) കുഴഞ്ഞു വീണു. തുടർന്ന് ഇവരെ സേനയുടെ ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. 15അടി താഴ്ച് യും ആറ് അടിയോളം വ്യാസവുമുള്ള കിണറ്റിൽശുദ്ധവായുവിന്റെ അഭാവമാണ് അപകടത്തിന് കാരണം. അടൂർ അഗ്നിശമന സേനയിലെ അസി.സ്റ്റേഷൻ ഓഫീസർ വേണു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മഹേഷ്, ഫയർ ഓഫീസർമാരായ പ്രദീപ്, അജീഷ്, സൂരജ്, അഭിജിത്, രവി, ഹോം ഗാർഡുമാരായ രാജൻ, സുരേഷ്കുമാർ, പ്രകാശ്, വേണുഗോപാൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.