06-mohan-babu
കടപ്ര 94-ാം നമ്പർ ശാഖായോഗത്തിന്റെ 95, 96-ാമത് സംയുക്ത വാർഷിക പൊതുയോഗത്തിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു സംസാരിക്കുന്നു

കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗം കടപ്ര 94-ാം ശാഖയുടെ 95, 96-ാമത് സംയുക്ത വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ജാതിയതയുടെ സമൂലമായ മാറ്റമാണ് ഗുരു വിഭാവനം ചെയ്തതെന്ന് മോഹൻ ബാബു പറഞ്ഞു. അത് മനസിലാക്കി വേണം സംഘടനാ പ്രവർത്തകർ ശാഖകളുടെ പ്രവർത്തനത്തെ കാണേണ്ടതെന്നും അതിനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണ നല്കാൻ പ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ കൗൺസിലർ രാജൻ കുഴിക്കാല മഹാകവി കുമാരനാശാന്റെ 100-ാം ചരമവാർഷികാനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി വി.കെ.ചന്ദ്രശേഖരൻ 2022-2023, 2023-2024 വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും ബാക്കി പത്രവും വായിച്ച് അവതരിപ്പിച്ചു. തുടർന്ന് 2024-2025 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ച് പാസാക്കി. യൂണിയൻ കമ്മിറ്റി അംഗം ഡോ.അനിൽ വി.ഷാജി മോഹൻ യൂണിയൻ വനിതാ സംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അനിലാ പ്രസാദ്, മുൻ ശാഖാ പ്രസിഡന്റ് എം.ഡി.ദേവരാജൻ എന്നിവർ ആശംസകൾ നേർന്നു. ശാഖയിലെ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് നിർവഹിച്ചു. സമ്മേളനത്തിന് ശാഖാ പ്രസിഡന്റ് എം.എൻ. ഗോപാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീജിത്ത് നന്ദിയും രേഖപ്പെടുത്തി.