മല്ലപ്പള്ളി :കാടുമൂടി മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയ മല്ലപ്പള്ളി വലിയപാലത്തിനോട് ചേർന്നുള്ള നടപ്പാലം വൃത്തിയാക്കുന്നത് തമിഴ്നാട് സ്വദേശി മുരുകനാണ്. തെരുവുനായ്ക്കളുടെ താവളമായ ഇവിടം വൃത്തിയാക്കാൻ അധികൃതർ തയ്യാറാകാത്തപ്പോഴാണ് മുരുകന്റെ നിസ്വാർത്ഥ സേവനം. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ മണിമലയാറിന് കുറുകെയാണ് നടപ്പാലം. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള പടിക്കെട്ടുകളുടെ വശങ്ങളിലും പാലത്തിന്റെ ഉൾഭാഗത്തും കാട് വളർന്ന് പന്തലിച്ചിരുന്നു. കാട് മൂടിയതിനാൽ ഇഴജന്തുക്കളുടെ ശല്യവും ഉണ്ടായിരുന്നു. കഴിഞ്ഞ ഇരുപത്തിനാല് വർഷമായി മല്ലപ്പള്ളിയുടെ ഭാഗമായ മുരുകനാണ് കാലാകാലങ്ങളായി വലിയപാലത്തിന് സമീപവും റോഡിന്റെ പരിസരങ്ങളും കാട് നീക്കി വൃത്തിയാക്കുന്നത്. വ്യാപാരികൾക്ക് ശുദ്ധജലം തലച്ചുമടായി എത്തിച്ചും ശുചീകരണ ജോലികൾ ചെയ്തുമാണ് ബുദ്ധിമാന്ദ്യമുള്ള മുരുകൻ ഉപജീവനം നടത്തുന്നത്.