കോന്നി: വനംവകുപ്പിന്റെ തേക്കുതോട്ടങ്ങളിൽ ഇലതീനിപ്പുഴുക്കളുടെ ആക്രമണം മൂലം തേക്കുകളുടെ വളർച്ച മുരടിക്കുന്നു. എല്ലാ വർഷവും മേയ്, ജൂൺ മാസങ്ങളിലാണ് ഇലതീനിപ്പുഴുക്കൾ തേക്കുകളെ ബാധിക്കുന്നത്. തളിരിലകൾ തിന്നു നശിപ്പിക്കുന്നതിലൂടെ വർഷത്തിൽ ഒരു ഹെക്ടറിൽ 75,000 രൂപയുടെ നഷ്ടമുണ്ടാകുന്നതായാണ് വനംവകുപ്പിന്റെ കണക്ക്. ഇവ ബാധിച്ചാൽ തേക്കിന്റെ വളർച്ച 44 ശതമാനം മുരിടിക്കുമെന്ന് വനംവകുപ്പ് ഗവേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കോന്നി- തണ്ണിത്തോട് വനപാതയിലും കോന്നി- അച്ചൻകോവിൽ വനപാതയിലും ഇവ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ റോഡിലൂടെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.
കൂടുകെട്ടി ഇലകൾ പൂർണമായി തിന്നുതീർക്കുകയും പിന്നാലെ വലയിലൂടെ താഴേക്ക് ഊർന്നിറങ്ങി പരിസരമാകെ പടരുകയും ചെയ്യുന്ന പുഴുക്കളാണിത്. പുഴുക്കൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിയുകയും തടിക്കുകയും ചെയ്യും. ചിലരിൽ ഈ പുഴുക്കൾ അലർജിയുണ്ടാക്കും.
ഇലകൾ തളിരിടുന്നതോടെയാണ് പുഴുശല്യം തുടങ്ങുന്നത്. ചിലന്തിവല പോലെ വലയുണ്ടാക്കിയാണ് ഇവയുടെ സഞ്ചാരം. മുട്ടയിട്ടു വളരുന്ന പുഴുക്കൾ ആദ്യത്തെ പതിനഞ്ച് ദിവസം കൊണ്ട് ഇലകളിലെ ഹരിതകം തിന്നുതീർക്കും. ലോക പ്രസിദ്ധമായ നിലമ്പൂർ തേക്കുകൾക്കും ഇവയുടെ ഭീഷിണിയുണ്ട്.
പുഴുക്കളെ നശിപ്പിക്കാൻ വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജനായ ഡോ.സജീവ് ജൈവകീടത്തെ വികസിപ്പിച്ചിരുന്നു. എന്നാൽ വനംവകുപ്പ് ഇത് ഉപയോഗിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
75,000 രൂപയുടെ നഷ്ടം
തേക്കിന്റെ വളർച്ച 44 ശതമാനം മുരിടിക്കുന്നു