ദിശാസൂചക ബോർഡുകൾ ഇല്ലാത്തതും കാണാത്തതുമായ നഗരകേന്ദ്രങ്ങളിലൂടെയുള്ള സഞ്ചാരം
നെല്ലിമൂട്ടിൽപടിയിൽ ഒാലയുടെ മറവിൽ
അടൂർ : നെല്ലിമൂട്ടിൽപടി ട്രാഫിക്ക് സിഗ്നലിൽ സ്ഥലനാമം രേഖപ്പെടുത്തിയ വലിയ ബോർഡ് ഉണ്ടെങ്കിലും സമീപത്തെ പുരയിടത്തിലെ തെങ്ങിന്റെ ഒാലയുടെ മറവിലാണ്. പത്തനംതിട്ട, ശബരിമല, കോട്ടയം എന്നീ ഭാഗങ്ങളിലേക്ക് തിരിയുവാനുള്ള ദിശാസൂചകമാണിത്. കാഴ്ച മറയ്ക്കുന്ന ഒാലകൾ വെട്ടി മാറ്റിയാൽ മാത്രമേ സ്ഥലനാമം വായിക്കാനാകൂ.
ബോർഡിലെ ദിശകൾ മാഞ്ഞു
പത്തനംതിട്ട : അഴൂർ ജംഗ്ഷനിലെത്തിയാൽ ചുറ്റിയത് തന്നെ. റിംഗ് റോഡിൽ ആകെയുള്ള സൂചനാബോർഡിൽ പത്തനംതിട്ട എന്നത് മാത്രം തെളിഞ്ഞ് കാണാം. താഴൂർക്കടവ് ക്ഷേത്രം, ഗവ.ഗസ്റ്റ് ഹൗസ്, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എവിടേക്ക് എന്ന അടയാളം മാഞ്ഞിരിക്കുന്നു.
പെരുന്തേനരുവിയിൽ എത്താൻ പാടുപെടും
റാന്നി: ധാരാളം വിനോദ സഞ്ചാരികളെത്തുന്ന പെരുന്തേനരുവിയിലേക്കുള്ള പ്രധാന വഴികളിൽ കൃത്യമായ ദിശാ സൂചികകളും മുന്നറിയിപ്പ് ബോർഡുകളുമില്ലാത്തത് ബുദ്ധിമുട്ടായി. അത്തിക്കയത്തുനിന്നും വെച്ചൂച്ചിറ നിന്നും നവോദയ വഴി പെരുന്തേനരുവിക്ക് പോകുന്ന റോഡുകളിലാണ് ഇൗ സ്ഥിതി. സ്ഥിരം അപകട മേഖലയായിട്ടും ക്രാഷ് ബാരിയറോ അപകട സൂചന നൽകുന്ന മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. അവധിക്കാലമായതോടെ വിദ്യാർത്ഥികളടക്കം നിരവധി ആളുകളാണ് പെരുന്തേനരുവി കാണാൻ എത്തുന്നത്. നിയന്ത്രണം തെറ്റിയ രണ്ടുകാറുകൾ ഇൗ ഭാഗത്ത് തലകീഴായി മറിഞ്ഞിരുന്നു. കുത്തനെയുള്ള കയറ്റവും കൊടുംവളവുമാണ് അപകടത്തിനിടയാക്കുന്നത്. ഇതിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്.
വെച്ചൂച്ചിറ നവോദയ റോഡിലും പെരുനാട് പെരുന്തേനരുവി റോഡിലും ദിശാ സൂചികകളില്ല. ഇതുമൂലം യാത്രക്കാർക്ക് വഴിതെറ്റാറുണ്ട്. പെരുന്തേനരുവിയിൽ കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാർക്കും മറ്റും പുനർനിർമ്മിച്ച് സഞ്ചാരികളെ ആകർഷിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും യാത്രയിലെ പ്രശ്നങ്ങൾക്ക് പരിഹാരം വൈകുകയാണ്.