പത്തനംതിട്ട: കടുത്ത വേൽച്ചൂടിനെ തുടർന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷണൻ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലയിലെ താപനില 37 ഡിഗ്രി സെൽഷ്യസ് ഉയരുമെന്ന മുന്നറിയിപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് നിയന്ത്രണം. സൂര്യതാപം കൂടുതൽ അനുഭവപ്പെടുന്ന രാവിലെ 11മുതൽ വൈകിട്ട് 3 വരെയുള്ള സമയത്ത കലാകായിക മത്സരങ്ങൾ, പരിപാടികൾ എന്നിവ ഒഴിവാക്കണം.
നിർമ്മാണതൊഴിലാളികൾ, കർഷക തൊഴിലാളികൾ, മറ്റ് കാഠിന്യമുളള ജോലികളിൽ ഏർപ്പെടുന്നവർ നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ജോലി സമയം ക്രമീകരിണം. പൊലീസ്, അഗ്‌നിശമന രക്ഷസേന, മറ്റ് സേനാ വിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവരുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്ത് പരേഡും, ഡ്രില്ലുകളും ഒഴിവാക്കണം.
ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ എന്നിവ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായിട്ടുള്ള വീടുകളിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടുത്ത സാദ്ധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും സുരക്ഷാ മുൻ കരുതൽ സ്വീകരിക്കേണ്ടതുമാണ്. ആശുപത്രികളുടേയും, പ്രധാന സർക്കാർ സ്ഥാപനങ്ങളുടേയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് ഉടനടി ചെയ്യേണ്ടതാണ്. കാട്ടുതീ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഉച്ചവെയിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. ലയങ്ങൾ, ആദിവാസി ആവാസ കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെളളം ഉറപ്പു വരുത്തണമെന്നും ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.