പത്തനംതിട്ട: ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര തീർത്ഥാടന കത്തോലിക്കാ ദേവാലയത്തിലെ പെരുന്നാൾ ചെമ്പെടുപ്പ് റാസയും ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും ഇന്ന് നടക്കും. ഇന്നലെ രാവിലെ നൊവേനയെ തുടർന്ന് ജംഗ്ഷൻ കുരിശടിയിൽ തിരുസ്വരൂപ പ്രതിഷ്ഠ നടന്നു. തുടർന്ന് ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ കുർബാനയും ഇടവക ജോർജിയൻ ഹെൽത്ത് മിനിസ്ട്രി യുടെ ഉദ്ഘാടനവും ആരോഗ്യ പ്രവർത്തകരെ ആദരിക്കലും നടന്നു. ഹെൽത്ത് മിനിസ്ട്രിയുടെ ഉദ്ഘാടനം ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു .
മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് മുഖ്യാതിഥിയായിരുന്നു. വൈകിട്ട് ചെമ്പിൽ അരിയിടീലും തിരുസ്വരൂപം എഴുന്നെള്ളിപ്പും നടന്നു.
ഇന്ന് രാവിലെ 7 ന് പത്തനംതിട്ട അരമന ദേവാലയത്തിൽ നിന്നും ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രയാണം ആരംഭിക്കും. 9 ന് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവാലയത്തിൽ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കും. 9.30 ന് കുർബാന, 11 ന് ജോർജിയൻ തിരുന്നാൾ സമ്മേളനം കെ. സി. ബി. സി അദ്ധ്യക്ഷൻ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ചന്ദനപുരിയുടെ മലങ്കര മാണിക്യം അവാർഡ് ശശി തരൂർ എം. പി കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് നൽകും. ഇടവക ഡയറക്ടറി പ്രകാശനം ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫീം മെത്രാപ്പോലീത്ത നിർവഹിക്കും. ചാണ്ടി ഉമ്മൻ എം. എൽ. എ പങ്കെടുക്കും. ഉച്ചക്ക് 12. 30 ന് വെച്ചൂട്ട്. വൈകിട്ട് 3.15 ന് ചെമ്പെടുപ്പ് റാസ, 3. 45 ന് സ്ത്രീകൾ നയിക്കുന്ന ചെമ്പെടുപ്പും ഉണ്ടായിരിക്കും. വൈകിട്ട് 6.15ന് മ്യൂസിക് ഫ്യൂഷൻ.