മല്ലപ്പള്ളി : വള്ളചിറയിൽ തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന് പരാതി. കോട്ടയം - പത്തനംതിട്ട ജില്ലാ അതിർത്തിയായ വള്ളംചിറ -കടൂർക്കടവ് റോഡിൽ ഒരുകിലോമീറ്ററോളം ദൂരത്തിലാണ് തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ പരിസരവാസികൾ ദുരിതത്തിലായിരിക്കുന്നത്. പാതയോരങ്ങളിൽ ഇഴജന്തു ശല്യവും രൂക്ഷമാണ്. പത്തനംതിട്ടജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിന്റെ ഭാഗമാണിവിടം. ഇവിടെ വൈദ്യുതിവിതരണം കോട്ടയം ജില്ലയിലെ കറിക്കാട്ടൂർ സെഷന്റെ ഭാഗവുമാണ്. മണിമലയാറിന്റെ തീരത്ത് പ്രളയത്തിൽ തകർന്ന കൊല്ലാറപ്പടിയിലെസംരക്ഷണഭിത്തി പുനർനിർമ്മിക്കാത്തതും മേഖലയിൽ ആശങ്കകൾ ഇരട്ടിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലൂടെയുള്ള റോഡിന്റെ ഈഭാഗംകോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പൊതുമരാമത്ത്സെക്ഷനിലാണെന്നതുംഅറ്റകുറ്റപ്പണികൾ വൈകുന്നതിന്ഇടയാക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ റോഡിൽ ആറുമാസത്തിനിടയിൽ അപകടമരണം സംഭവിച്ചിട്ടുണ്ട്. അടിയന്തരമായി പ്രദേശത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികൃതർ ഇടപെടലുകൾ നടത്തണമെന്ന ആവശ്യം ശക്തമാണ്.