കോഴഞ്ചേരി : ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമ്മാണം തുടങ്ങി. പമ്പാനദിയിലെ രണ്ട് സ്പാനുകളാണ് ഇതുവരെ പണിതത്. നാല് സ്പാനുകൾ നദിയിലും മൂന്ന് സ്പാനുകൾ കരയിലുമാണുള്ളത്. കരയിലെ സ്പാൻ നിർമ്മാണം ആരംഭിച്ചിട്ടില്ല.

കോഴഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കൂടിയാണ് പുതിയ പാലം. മാരാമൺ കൺവെൻഷൻ നഗറിന് സമീപത്ത് കൂടിയുള്ള പാലം നഗരത്തിന് പുതുശോഭ പകരും. 1948ൽ ആണ് കോഴഞ്ചേരിയിലെ പഴയ പാലം നിർമ്മിച്ചത്.

മാറി മറിഞ്ഞ കരാറുകൾ

2018ൽ ആരംഭിച്ച കോഴഞ്ചേരി പാലംപണി 2021ൽ പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ കരാറിലുണ്ടായിരുന്നത്. ഫണ്ടിനെ ചൊല്ലിയുള്ള തർക്കം ആദ്യ തടസമായി. കരാറുകാരൻ പണി ഉപേക്ഷിച്ചു. പിന്നീട് രണ്ടുതവണ ടെൻഡർ നടത്തിയെങ്കിലും കരാറുകാർ എത്തിയില്ല. വീണ്ടും നാലാമത് ടെൻഡർ ചെയ്തപ്പോൾ ഊരാളുങ്കൽ സൊസൈറ്റി പണി ഏറ്റെടുത്തു. എന്നാൽ അതും റദ്ദായി. സ്ഥലമേറ്റെടുപ്പും എസ്റ്റിമേറ്റ് സംബന്ധിച്ച കൃത്യതയില്ലായ്മയുമാണ് പണികൾ തടസപ്പെടാൻ മറ്റൊരു കാരണം.

എറണുകുളത്തുള്ള ശ്യാമ ഡൈനാമിക്സിനാണ് പുതിയ കരാർ.

ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും

ടെൻഡർ നടപടികൾ പൂർത്തിയായി നിർമ്മാണത്തിന് അംഗീകാരം ലഭിച്ചതിനാൽ നിർമ്മാണം പുനരാരംഭിച്ചിട്ടുണ്ട്. പുതിയ കരാർ കാലാവധി 2025 മേയിൽ അവസാനിക്കും.

അപ്രോച്ച് റോഡുകൾ

കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററും നെടുംപ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകൾ നിർമ്മിക്കും. മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള വഴികൾ നിലനിറുത്തുന്നതിനായി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിന് സമീപം നടവഴികളും ഒരുക്കും.

പദ്ധതി ചെലവ് : 20.58 കോടി രൂപ.

(പുതിയ കരാറായതിനാൽ തുകയിൽ വ്യത്യാസം വന്നേക്കാം)


പാലത്തിന്റെ നീളം : 207.2 മീറ്റർ, വീതി : 12 മീറ്റർ.

(തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം നിർമ്മാണം)