cbcb

ചന്ദനപ്പള്ളി : വി​ശ്വാസ സമൂഹത്തി​ന് ആത്മീയ ശോഭയേകി​ സെന്റ് ജോർജ് മലങ്കര തീർത്ഥാടന കത്തോലിക്കാ ദേവാലയത്തി​ൽ ചെമ്പെടുപ്പ് റാസ നടന്നു. ഉദയംപേരൂർ, ആലപ്പുഴ തീരദേശം, തിരുവനന്തപുരം , കുടമുക്ക് , ചന്ദനപ്പള്ളി മുഴിക്കൽ പൗരാവലി, കൈപ്പട്ടൂർ വെള്ളപ്പാറ എന്നിവിടങ്ങളിൽ നിന്ന് ദേവാലയത്തിലേക്ക് എത്തി​യ ചെമ്പെടുപ്പ് റാസയ്ക്ക് ആദ്യം സ്വീകരണം നൽകി. തുടർന്ന് ചെമ്പെടുപ്പ് റാസ പള്ളിയിൽ നിന്ന് ആരംഭിച്ചു. കോൺവന്റ് ജംഗ്ഷനിലെ സെന്റ് ജോർജ് ഷ്രൈനിൽ റാസ എത്തിയപ്പോൾ അവിടെ ചെമ്പുംമൂട്ടിൽ പ്രത്യേകം തയ്യാറാക്കിയ ചെമ്പിലെ പാതി വേവിച്ച ചോറിൽ അംശവസ്ത്രം ധരിച്ച മുഖ്യ കാർമികൻ സ്ലീബാ മുദ്ര ചാർത്തി ആദരിച്ചു. തുടർന്ന് ജംഗ്ഷനിലെ കുരിശടിയിൽ തയാറാക്കിയ രണ്ടാമത്തെ ചെമ്പ് സ്ത്രീകളുടെ നേതൃത്വത്തിൽ ചേർന്ന് വഹിച്ച് ദേവാലയത്തിലെത്തിച്ചു. ചെമ്പിൽ തൊട്ട് അനുഗ്രഹം തേടാൻ വിശ്വാസികളുടെ വലിയ പ്രവാഹമായിരുന്നു. രണ്ടും ചെമ്പുകളും ദേവാലയ പ്രദക്ഷിണം ചെയ്തു. നേർച്ച വിതരണവും നടന്നു.

തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു

കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ കാർമ്മികത്വത്തിൽ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. ജോർജിയൻ തിരുനാൾ സമ്മേളനം കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ചന്ദനപുരിയുടെ മലങ്കര രത്ന അവാർഡ് മന്ത്രി വീണാജോർജ് കാതോലിക്കാ ബാവായ്ക്ക് നൽകി. രൂപതാദ്ധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് അദ്ധ്യക്ഷത വഹിച്ചു. ഇടവക ഡയറക്ടറി പ്രകാശനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു. ഫ്രാൻസിസ് ജോർജ്, ഇടവക വികാരി ബെന്നി നാരകത്തിനാൽ, ഇ.എം.ജി ചന്ദനപ്പള്ളി , സെക്രട്ടറി ഫിലിപ്പ് കെ.മാത്യു, ട്രസ്റ്റി വിൽസൺ പാലവിള, കൺവീനർ ആന്റണി ചന്ദനപ്പള്ളി എന്നിവർ സംസാരിച്ചു. യുവപ്രതിഭകൾക്കുള്ള ചന്ദനപ്പറവ അവാർഡ് ശ്വേത മറിയം തോമസ്, റിയ ആൻരാജൻ, ഏയ്ഞ്ചൽ വർഗീസ് എന്നിവർക്ക് നൽകി​.