ചന്ദനപ്പള്ളി : ആഗോള തീർത്ഥാടന കേന്ദ്രവും ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്നതുമായ ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി തീർത്ഥാടക സംഗമവും ചെമ്പെടുപ്പും ഇന്ന് നടക്കും.
പ്രധാന പെരുന്നാൾ ദിനമായ ഇന്ന് രാവിലെ 6ന് ചെമ്പിൽ അരിയിടീൽ. അങ്ങാടിക്കലിലെ പുരാതന നായർ തറവാടായ മേക്കാട്ടെ കാരണവരാണ് ആദ്യം അരി ഇടുന്നത്. തുടർന്നു വിശ്വാസികളും. 8ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ, കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്താ, ഡോ.ഏബ്രഹാം മാർ സെറാഫീം എന്നിവരുടെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന. 11ന് തീർത്ഥാടക സംഗമവും ഓർഡർ ഓഫ് സെന്റ് ജോർജ് സമർപ്പണവും മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ബഹിരാകാശ ശാസ്ത്രജ്ഞ ഡോ.ടെസി തോമസിന് ഓർഡർ ഓഫ് സെന്റ് ജോർജ് സമർപ്പിക്കും. 3ന് ചെമ്പെടുപ്പ് റാസയ്ക്ക് ജംഗ്ഷനിൽ സ്വീകരണം. ഡോ.അലക്സാണ്ടർ ജേക്കബ് പ്രസംഗിക്കും. 5ന് ചരിത്രപ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്. 7. 30ന് താള വിസ്മയം, 8.30ന് നാടകം. ഇന്നലെ രാവിലെ കുർബ്ബാന, തുടർന്ന് കൽക്കുരിശടിയിൽ നിന്ന് പള്ളിയിലേക്ക് ഷ്റൈൻ എഴുന്നെള്ളിപ്പ് എന്നിവ നടന്നു. ഉച്ചയ്ക്ക് വിവിധ ദേവാലയങ്ങളിൽ നിന്ന് പദയാത്രികരായ വിശ്വാസികൾ എത്തിച്ചേർന്നു. ഇന്നലെ രാവിലെ കുർബ്ബാന, തുടർന്ന് കൽക്കുരിശടിയിൽ നിന്ന് പള്ളിയിലേക്ക് ഷ്റൈൻ എഴുന്നെള്ളിപ്പ് എന്നിവ നടന്നു. രാത്രി നടന്ന പ്രദിക്ഷണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മുത്തുക്കുടകളുടെയും പൊൻവെള്ളി കുരിശുകളുടെയും അകമ്പടിയോടുള്ള രാത്രി റാസയെ ഇടത്തിട്ടയിലെ വിശ്വാസികൾ പരമ്പരാഗത രീതിയിൽ ചൂട്ടു വെളിച്ചം നൽകിയും പിണ്ടിപള്ളി നിർമ്മിച്ചും സ്വീകരിച്ചു.