മല്ലപ്പള്ളി : വെണ്ണിക്കുളം വലിയതോട് മാലിന്യച്ചാലായിട്ടും നടപടിയെടുക്കാതെ അധികൃതർ. വെണ്ണിക്കുളത്തിന്റെയും സമീപ പ്രദേശങ്ങളുടെയും ജീവനാഡിയായി വർഷങ്ങൾക്കു മുൻപുവരെയും തെളിനീര് ഒഴുകിയിരുന്ന തോടാണിത്. കവലയോടു ചേർന്ന് 350 മീറ്ററോളം ദൂരത്തിനിടയിലാണ് മാലിന്യം തള്ളൽ. തെള്ളിയൂരിലെ അമ്പനിക്കാട് നിന്ന് ആരംഭിച്ച് പറത്താനത്തുനിന്നു വരുന്ന മറ്റൊരു തോടുമായിചേർന്ന് വലിയതോടായി മാറുകയാണ്. ചീനിക്കണ്ടം ഭാഗത്തുള്ള മറ്റൊരു നീരൊഴുക്കും കൂടിച്ചേർന്നാണ് വെണ്ണിക്കുളത്ത് കവലയിൽ കൂടി ഒഴുകി മണിമലയാറ്റിൽ എത്തുന്നത്. തെള്ളിയൂരിലെയും സമീപപ്രദേശങ്ങളിലെയും മലനിരകളിൽ പെയ്യുന്ന മഴവെള്ളം മുഴുവൻ മണിമലയാറിന് സമ്മാനിക്കുന്ന തോടിനു പ്രതാപമേറെയാണ്. ഇന്ന് പലയിടങ്ങളിലും കാടുമുടിയും മണ്ണുവന്നടിഞ്ഞും നാശത്തിന്റെപാതയിലാണ്. 15 അടിയോളം വീതിയുണ്ടായിരുന്ന ഭാഗങ്ങളിൽ പകുതിമാത്രമാണ് ഇപ്പോഴുള്ളത്. സ്വകാര്യവ്യക്തികൾ കൈയേറി പുരയിടങ്ങളാക്കിയെന്ന ആക്ഷേപവും ശക്തമാണ്. ഒന്നിലധികം ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്താൽ തടിയൂർ - വെണ്ണിക്കുളം റോഡിൽ വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലുള്ളത്. കവലയ്ക്കു സമീപത്തായിയുള്ള തോടിന്റെ സംരക്ഷണ ഭിത്തിയുടെ തകർച്ച പരിഹരിക്കാറുണ്ടെങ്കിലും കൈയേറ്റം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാറില്ലെന്നതാണ് നാട്ടുകാരുടെ ആക്ഷേപം.
...................
രാത്രിയുടെ മറവിൽ തള്ളുന്ന മാലിന്യങ്ങൾ തോട്ടിൽ കെട്ടിക്കിടക്കുകയാണ്. തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് അധികൃതർ നടപടി സ്വീകരിക്കാത്തത് വലിയ വിപത്തിന് കാരണമായേക്കാം.
തോമസ് ജേക്കബ്
( പ്രദേശവാസി )
....................
തോട്ടിൽ 350 മീറ്ററോളം മാലിന്യം തള്ളൽ
കൈയേറ്റം വ്യാപകം