റാന്നി: വീണ്ടും നൂറ് ശതമാനം വിജയം കൈവിടാതെ ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ.തുടർച്ചയായ14ാംതവണയാണ് നൂറ് ശതമാനം വിജയം ഈ സ്കൂളിനെ തേടിയെത്തിയത്.ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ ഈ നേട്ടത്തിൽ കുട്ടികൾക്കും അദ്ധ്യാപകർക്കും പി.ടി.എയ്ക്കും ഒരു പോലെ ആഹ്‌ളാദിക്കാൻ ഉള്ള അവസരമാണിത്.സ്‌പെഷ്യൽ ക്ലാസെടുത്തും അധിക സമയം നീക്കിവച്ചുമാണ് അദ്ധ്യാപകർ കുട്ടികളെ പരീക്ഷക്കായി മാനസികമായി തയാറാക്കിയത്. ഉന്നത നിലവാരത്തിൽ നിർമ്മിച്ച പുതിയ കെട്ടിടവും വിശാലമായ കളിമുറ്റവും സ്‌കൂളിനുണ്ട്. ജൈവ,ഉദ്യാന പാർക്കും,മനോഹരമായി നിർമ്മിച്ച പ്രീപ്രൈമറി ക്ലാസ് റൂമും,പാർക്കും സ്‌കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.പുതിയതായി സർക്കാർ സംസ്ഥാനത്ത് ആരംഭിച്ച ക്രിയേറ്റീവ് ക്ലാസ് റൂമിനായി ഈ സ്‌കൂളിനേയും തിരഞ്ഞെടുത്തിട്ടുണ്ട്. 25 ലക്ഷം രൂപ ചിലവിലാണ് ഇത് നിർമ്മിക്കുന്നത്. നൂറ് ശതമാനം വിജയം തുടർച്ചയായ 14-ാം തവണയുമെന്നത് താലൂക്കിൽ തന്നെ മറ്റാർക്കും അവകാശപ്പെടുവാനാവാത്ത നേട്ടമാണ്.