കോന്നി: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവ് മൂലം ട്രിപ്പുകൾ മുടങ്ങുന്നു. കോന്നി- മാങ്കോട്, കോന്നി - മെഡിക്കൽ കോളേജ്, കോന്നി - ഉൗട്ടുപാറ തുടങ്ങിയ സർവീസുകളാണ് മുടങ്ങുന്നത്. പലപ്പോഴും എം പാനൽ ഡ്രൈവർമാരെ ഉപയോഗിച്ചാണ് നടത്തുന്നത്. അടുത്തിടെ വിജിലൻസ് നടത്തിയ പരിശോധനയിൽ ട്രിപ്പുകൾ മുടങ്ങുന്നതായി കണ്ടെത്തിയിരുന്നു. 9 സർവീസുകളാണ് കോന്നി ഡിപ്പോയിൽ നിന്നുള്ളത്. കൊവിഡിന് മുമ്പ് 14 സർവീസുകൾ ഉണ്ടായിരുന്നു, നിറുത്തലാക്കിയ സർവീസുകൾ പുനരാംഭിക്കണമെന്ന ആവശ്യം ശക്തമാണ്. 42 ജീവനക്കാരാണ് ഡിപ്പോയിലുള്ളത്. ബസുകൾ ഒരു ഫാസ്റ്റ് പാസിഞ്ചറും ബാക്കി ഓർഡിനറിയുമാണ്. ഡ്രൈവർമാരുടെ കുറവുകാരണം രണ്ട് ഷെഡ്യൂൾ പതിവായി മുടങ്ങുകയാണ്.
അച്ചൻകോവിൽ, കരിമാൻതോട് ഓർഡിനറി സർവീസുകൾ മുടങ്ങിക്കിടക്കുകയാണ്. വിനോദസഞ്ചാരകേന്ദ്രമായ ഗവിയിലേക്ക് കോന്നിയിൽനിന്ന് അടവിവഴി ബസ് വേണമെന്ന ആവശ്യം നടപ്പായിട്ടില്ല. പുതിയ സ്ഥലത്തേക്ക് ഡിപ്പോ മാറുന്നതോടെ കൂടുതൽ സർവീസുകൾ വരുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂർ, പുനലൂർ ഓർഡിനറി സർവീസ് ഇവിടെനിന്ന് തുടങ്ങണമെന്ന ആവശ്യവുമുണ്ട്.
പുതിയ ഡിപ്പോയുടെ
പണി പുരോഗമിക്കുന്നു
കോന്നി പഞ്ചായത്ത് ബസ് സ്റ്റാൻഡിലാണ് ഇപ്പോൾ ഡിപ്പോ പ്രവർത്തിക്കുന്നത്. നാരായണപുരം ചന്തയോട് ചേർന്ന സ്ഥലത്ത് ഡിപ്പോയുടെ പുതിയ കെട്ടിടത്തിന്റെയും യാർഡിന്റെയും പണികൾ അവസാനഘട്ടത്തിലാണ്. ചന്തയോട് ചേർന്ന ഭൂമി കെ.എസ്.ആർ.ടി.സിയുടെ പേരിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ തുടക്കത്തിൽ നിർമ്മാണം തടസ്സപ്പെട്ടിരുന്നു. കോന്നി പഞ്ചായത്തിന്റെ 1.93 ഏക്കറും വിലയ്ക്ക് വാങ്ങിയ 2.41 ഏക്കറും ഇതിൽ ഉൾപ്പെടുന്നു
----------------------------------
സർവീസുകൾ
നേരത്തെ -14
ഇപ്പോൾ -9
-----------------
" പുതിയ കെട്ടിടത്തിലേക്ക് ഡിപ്പോയുടെ പ്രവർത്തനം തുടങ്ങാൻ നടപടി സ്വീകരിക്കണം"
സലിൽ വയലത്തല ( പൊതുപ്രവർത്തകൻ )