അടൂർ : ഏഴംകുളം മിനി ഹൈവേയിൽ കുഴി അപകടക്കെണിയാകുന്നു.ഏഴംകുളത്ത് നിന്ന് ഏനാത്തേക്ക് പോകുന്ന മിനി ഹൈവേയിൽ മുട്ടത്ത്കാവ് ജംഗ്ഷനിൽ കാവിന് മുന്നിലായി 11മാസം മുൻപാണ് ആദ്യമായി പൈപ്പ് പൊട്ടി വെള്ളം ലീക്കായതിന്റെ പേരിൽ വാട്ടർ അതോറിട്ടി കുഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയത്. അന്ന് മണ്ണിട്ട് മൂടി പോയെങ്കിലും മുകളിൽ ടാർ ചെയ്തിരുന്നില്ല. എന്നാൽ ആറ് മാസം മുൻപ് വീണ്ടും ചോർച്ച ഉണ്ടായി റോഡ് കുഴിക്കുകയും, മണ്ണിട്ട് ശരിയായ രീതിയിൽ മൂടാതെ ഉടൻ തന്നെ കോൺക്രീറ്റ് ചെയ്യുമെന്ന് പറഞ്ഞ് വാട്ടർ അതോറിറ്റിയുടെ കോൺട്രാക്റ്റർ തടി തപ്പുകയായിരുന്നു. കോൺക്രീറ്റോ , ടാറോ ചെയ്യാത്തത് മൂലം റോഡ് ഇളകിയ ഭാഗം കുഴിയാകുകയും,നിരന്തരം അപകടം ഉണ്ടാകുകയും ചെയ്യുകയാണ്. നാട്ടുകാരും, പൊതു പ്രവർത്തകരും പരാതിയുമായി പോയെങ്കിലും നടപടി ഉണ്ടായിട്ടില്ല. പ്രതിഷേധം ശക്തമാകുമെന്നറിഞ്ഞ് വാട്ടർ അതോറിറ്റി കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തുകയും പ്രഹസനം പോലെ റോഡ് ഇളകിക്കിടക്കുന്ന ഭാഗത്ത് കുറച്ച് കോൺക്രീറ്റ് ഇടുകയുമായിരുന്നു.
അപകടങ്ങൾ പതിവ്
മുട്ടത്ത് കാവ് ജംഗ്ഷനിൽ ഇപ്പോൾ അപകടങ്ങൾ പതിവായിരിക്കുകയാണ്. കഴിഞ്ഞിടെ ഇളകിയ റോഡിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇരു ചക്ര വാഹനങ്ങളും സൈക്കിളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും അപകടത്തിൽ പെടുന്നത് പതിവാണ്. എം.സി റോഡിൽ നിന്ന് കെ.പി റോഡിലേക്ക് എളുപ്പത്തിൽ കടക്കാവുന്ന മിനി ഹൈവെയിൽ കൂടി രാത്രി കാലങ്ങളിൽ അടക്കം പുനലൂർ,തെന്മല, ആര്യങ്കാവ്, ചെങ്കോട്ട ,തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് ധാരാളം വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. റോഡ് കോൺക്രീറ്റോ , ടാറോ ചെയ്‌ത് പ്രശ്‌നം പരിഹാരം കാണണമെന്ന് നാട്ടുകാരുടെ ആവശ്യം.
........................................
എത്രയും വേഗം റോഡ് കുഴിയടച്ച് അപകടരഹിതമാക്കിയില്ലെങ്കിൽ നാട്ടുകാർ സംഘടിച്ച് വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ സമരം നടത്തും
ശശികുമാർ താന്നിക്കൽ
(പൊതു പ്രവർത്തകൻ)
.........................................
റോഡിൽ വളവ് ഉള്ള ഭാഗമാണ് വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച മുട്ടത്ത് കാവ് ജംഗ്‌ഷൻ. അടിയന്തരമായി റോഡ് ടാർ ചെയ്‌ത് പ്രശ്‌നം പരിഹരിക്കേണ്ടതാണ്.
ഗിരി ഏഴംകുളം
(അദ്ധ്യാപകൻ, നാട്ടുകാരൻ)
...................
പൈപ്പുപൊട്ടിയത് 11 മാസം മുൻപ്