paddy
നെല്ല് സംഭരണം നടക്കുന്നു

തിരുവല്ല: കാലാവസ്ഥ അനുകൂലമായതിനാൽ ജില്ലയിൽ നെല്ല് സംഭരണം ഊർജ്ജിതമായി. ഇന്നലെ വരെ 4,291 മെട്രിക് ടൺ നെല്ല് സംഭരിക്കാനായി. ജില്ലയിലാകെയുള്ള 2,657 കർഷകരാണ് രജിസ്റ്റർ ചെയ്തു നെൽകൃഷി ചെയ്യുന്നത്. ചിലഭാഗങ്ങളിൽ ഇപ്പോഴും കൊയ്ത്തും സംഭരണവും നടക്കുകയാണ്. വേനൽമഴ ആശങ്കയുണ്ടെങ്കിലും കാര്യമായ കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടില്ല. പന്തളം തോന്നല്ലൂർ, മാവറ, ചിറ്റിലപ്പാടം, വാരുകൊല്ല, പെരിങ്ങര എന്നിവിടങ്ങളിൽ കൊയ്ത്തും സംഭരണവും നടന്നുവരികയാണ്. മെച്ചപ്പെട്ട കാലാവസ്ഥയിൽ സാമാന്യം ഭേദപ്പെട്ട വിളവാണ് ലഭിച്ചതെന്ന് കർഷകർ പറയുന്നു. ഒരു ഹെക്ടറിന് 5.5 മുതൽ 6.5 ടൺ വരെ വിളവ് ലഭിച്ചു. എറണാകുളം, കോട്ടയം മേഖലകളിലെ സ്വകാര്യമില്ലുകളാണ് സപ്ലൈകോ മുഖേന കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിച്ചത്. ജില്ലയിൽ ഉൽപാദിപ്പിക്കുന്ന നെല്ല് ഭൂരിഭാഗവും സപ്ലൈകോയ്ക്ക് നൽകുകയാണ് പതിവ്. ജില്ലയിലെ 35 കൃഷിഭവനുകളുടെ പരിധിയിലാണ് നെല്ലുൽപ്പാദനം ഉള്ളത്. കഴിഞ്ഞ വർഷം ജില്ലയിലാകെ 13,060 മെട്രിക് ടൺ നെല്ല് സപ്ലൈകോ മുഖേന സംഭരിച്ചിരുന്നു.

പെരിങ്ങര നെല്ലറ
ജില്ലയിൽ ഇത്തവണയും ഏറ്റവുമധികം നെൽകൃഷി ചെയ്തു വിളവെടുക്കുന്നത് പെരിങ്ങര പഞ്ചായത്തിലെ കർഷകരാണ്. ഇവിടുത്തെ 908 കർഷകരിൽ നിന്നായി 2,156 ടൺ നെല്ല് സംഭരിച്ചു. ജില്ലയിലെ നെല്ലുൽപ്പാദനത്തിന്റെ 40 ശതമാനവും വർഷംതോറും പെരിങ്ങരയുടെ സംഭാവനയാണ്.

സംഭരണ വില
ഒരുകിലോ നെല്ലിന് : 28.32 രൂപ
കേന്ദ്രം : 20.40 രൂപ
സംസ്ഥാനം : 7.80 രൂപ
കൈകാര്യ ചെലവ് : 12 പൈസ

...........................

ഏപ്രിൽ 20 വരെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകി. ഇപ്പോൾ സംഭരിക്കുന്ന നെല്ലിന്റെ വിലയും താമസിക്കാതെ നൽകും.

ചന്ദ്രലേഖ
(നെല്ല് സംഭരണ ചുമതലയുള്ള ഓഫീസർ)