അടൂർ : സെറിബ്രൽ പാൾസി രോഗം പിടിപെട്ട് 45 % ചലനശേഷി ഇല്ലാഞ്ഞിട്ടും എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിമികച്ച വിജയം നേടിയിരിക്കുകയാണ് അടൂർ എൻ.എസ്.എസ് എച്ച്. എസ്.എസിലെ ഹന്നാ മേരി ജിനു. ഹന്നയ്ക്ക് വേണ്ടി പരീക്ഷ എഴുതിയത് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ കെസിയ ബെന്നി സാമുവലാണ്. എട്ടാം ക്ലാസിലാണ് എൻ.എസ്.എസ് സ്കൂളിൽ ഹന്ന എത്തിയത്. അദ്ധ്യാപകരുടെ ചിട്ടയായ പരിശീലനത്തിലൂടെ മികച്ച വിജയം നേടുകയായിരുന്നു ഹന്ന. കോട്ടമുകൾ വള്ളിവിളയിൽ വീട്ടിൽ ഹന്നയുടെ പിതാവ് ജിനു രാജൻ അബുദാബിയിലും , മാതാവ് ബിൻസി ജിനു അയർലണ്ടിൽ നേഴ്‌സുമാണ്. രണ്ടാഴ്ച മുൻപാണ് ഇരുവരും അവധി കഴിഞ്ഞ് തിരിച്ച് പോയത്. ഹന്നയെ ചെറുപ്രായം മുതൽ നോക്കി വളർത്തിയത് ജിനുവിന്റെ അമ്മ കുഞ്ഞുഞ്ഞമ്മ ആണ്. അപ്പച്ചൻ രാജനാണ് കാറിൽ ഹന്നയെ സ്കൂളിൽ കൊണ്ട് പോകുന്നതും തിരിച്ച് കൊണ്ട് വരുന്നതും. സഹോദരി ജൊഹാന ജിനു അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഹന്ന അർഹിച്ച വിജയം തന്നെയാണിതെന്ന് ഹെഡ്മിസ്ട്രസ് മായാ.ജി.നായർ പറഞ്ഞു. സ്കൂളിൽ മൊത്തം പരീക്ഷ എഴുതിയ 22 പേരും ജയിക്കുകയും അതിൽ 7 പേർക്ക് മുഴുവൻ എ പ്ലസ് കിട്ടുകയും ചെയ്തു