തിരുവല്ല: സാമൂഹ്യ, ആത്‌മീയ രംഗങ്ങളിലെ ശ്രദ്ധേയമായ സാന്നിദ്ധ്യമായി ബിലീവേഴ്‌സ് ചർച്ചിനെ മാറ്റിയെടുത്ത നേതൃത്വമായിരുന്നു സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയുടേത്. സഭയുടെ കാരുണ്യ പ്രവർത്തനങ്ങളിലൂടെ വലിയൊരു വിഭാഗം വിശ്വാസികൾ അദ്ദേഹത്തിൽ ആകൃഷ്ടരായി.
അപ്പർകുട്ടനാട്ടിലെ നിരണം ഗ്രാമത്തിലെ മാർത്തോമ്മാ വിശ്വാസികളായ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്. താറാവ് കൃഷിയായിരുന്നു കുടുംബത്തിന്റെ ഉപജീവന മാർഗ്ഗം. കൗമാരത്തിൽ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. കവലകളിൽ സുവിശേഷ പ്രസംഗകനായാണ് തുടക്കം. 16ാം വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന തിയോളജിക്കൽ സംഘടനയിൽ ചേർന്നത് വഴിത്തിരിവായി. ഡബ്ല്യു.എ ക്രിസ്വെൽ എന്ന വിദേശിക്കൊപ്പം അമേരിക്കയിൽ വൈദിക പഠനത്തിന് ചേർന്നു. 1974ൽ അമേരിക്കയിലെ ഡാലസിൽ ദൈവശാസ്ത്ര പഠനം ആരംഭിച്ചു. ചെന്നെ ഹിന്ദുസ്ഥാൻ ബൈബിൾ കോളജിൽ നിന്ന് ഡിഗ്രി നേടിയ യോഹന്നാൻ നേറ്റീവ് അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ചിൽ പാസ്റ്ററായി. ഓപ്പറേഷൻ മൊബിലൈസേഷനിൽ യോഹന്നാനൊപ്പം സേവനം ചെയ്ത ഗിസല്ലയെ അവരുടെ ജന്മദേശമായ ജർമ്മനിയിൽ വച്ച് വിവാഹം ചെയ്‌തു. 1978ൽ ഭാര്യയുമായി ചേർന്ന് ടെക്സാസിൽ ഗോസ്പൽ ഫോർ ഏഷ്യ സ്ഥാപിച്ചു. അതിലൂടെ വളർച്ച. ബിലീവേഴ്‌സ് ചർച്ചിന്റെ വളർച്ചയ്ക്ക് അടിസ്ഥാനമായത് ഗോസ്പൽ ഫോർ ഏഷ്യയാണ്. ഭാര്യയോടൊപ്പം സുവിശേഷ പ്രവർത്തനം ആരംഭിച്ച കെ.പി യോഹന്നാൻ വർഷങ്ങൾ നീണ്ട വിദേശവാസത്തിനു ശേഷം തിരിച്ചെത്തി. 1983ൽ തിരുവല്ല നഗരത്തിനോട് ചേർന്ന മഞ്ഞാടിയിൽ ഗോസ്പൽ ഏഷ്യയുടെ ആസ്ഥാനം നിർമ്മിച്ച് കേരളത്തിലെ പ്രവർത്തനം ആരംഭിച്ചു. ആത്മീയയാത്രയെന്ന പ്രതിദിന സുവിശേഷ പ്രഘോഷണം റേഡിയോയിൽ അവതരിപ്പിച്ചു.
തിരുവല്ല സബ് രജിസ്ട്രാർ ഒാഫീസിൽ 1980ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന. 2003ൽ ആത്മീയയാത്ര, ബിലീവേഴ്‌സ് ചർച്ച് എന്ന പേരിൽ ഒരു എപ്പിസ്‌ക്കോപ്പൽ സഭയായി മാറി. ആ സമയത്ത് ബിലീവേഴ്സ് ചർച്ചിൽ മെത്രാനില്ലായിരുന്നു. പിന്നീട് നിരവധി രാജ്യങ്ങളിൽ ശാഖകളുള്ള സഭയുടെ തലവനായി മാർ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത പ്രഥമൻ അഭിഷിക്തനായി.