മല്ലപ്പള്ളി : മല്ലപ്പള്ളിയിലെ ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിന്റെ കെട്ടിട നിർമ്മാണം കടലാസിൽ ഒതുങ്ങിയിട്ട് 27 വർഷം . കെട്ടിട നിർമ്മാണത്തിന് പണം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
വാടകക്കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂളിന്റെ പ്രവർത്തനം. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ ചാലുങ്കൽ പടിയിലുള്ള മൂന്നര ഏക്കറോളം വസ്തുവിലാണ് 1997-ൽ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങാത്തതിനാൽ ഇവിടം കാടുമൂടി. രണ്ട് വർഷം മുമ്പ് സ്കൂൾ പി.ടി.എ കാട് നീക്കിയെങ്കിലും വീണ്ടും പഴയപടിയായി. പൊതുജനങ്ങളിൽ നിന്ന് പണം കണ്ടെത്തി താലൂക്ക് വികസന സമിതിയാണ് വസ്തുവാങ്ങി ഐ.എച്ച്.ആർ.ഡിക്ക് കൈമാറിയത്.
ഇതിനായി സ്വദേശത്തുനിന്നും വിദേശത്തുനിന്നും പണംസ്വരൂപിച്ച് വാങ്ങിയ വസ്തു സൗജന്യമായി ഐ.എച്ച് .ആർ.ഡിക്ക് കൈമാറി. കെട്ടിടത്തിന്റെ നിർമ്മാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ 70 ലക്ഷം രൂപ ഉൾക്കൊള്ളിക്കുകയും ചെയ്തിരുന്നു പക്ഷേ തുടർ നടപടി ഉണ്ടായില്ല. വൻ തുകയാണ് ഇപ്പോൾ കെട്ടിടത്തിന് വാടക നൽകിക്കൊണ്ടിരിക്കുന്നത്.
പണമില്ല, പണിയില്ല
@ കെട്ടിടം നിർമ്മിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2015 -16 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
@ ഐ.എച്ച്.ആർ.ഡി കടുത്ത പ്രതിസന്ധിയിൽ ആയതിനാൽ തനത് ഫണ്ടിൽ നിന്ന് കെട്ടിടം പണിയുന്നതിന് ആവശ്യമായ തുക കണ്ടെത്തുക പ്രയാസമാണെന്നും എം.എൽ.എ, എംപി ഫണ്ടുകൾ ലഭ്യമാക്കിയാലേ നിർമ്മാണം നടത്താനാവുവെന്നും ഐ.എച്ച്.ആർ.ഡി ഡയറക്ടർ അറിയിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
@ 2015-16 സംസ്ഥാന ബഡ്ജറ്റിൽ തുക ഉൾക്കൊള്ളിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. പിന്നീട് നടപടി ഉണ്ടായില്ല.
ശിലാസ്ഥാപനം നടത്തിയത് 1997-ൽ