തിരുവല്ല: ഹരിതസുന്ദരമായ സെന്റ് തോമസ് നഗറിന്റെ ഇടവഴികളിലൂടെ പോകുമ്പോൾ കരിയിലകളെ പോലും നോവിക്കാതിരിക്കാൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത ശ്രദ്ധപുലർത്തി. വനസമാനമായ കാമ്പസിലെ മരങ്ങളിൽ നിന്ന് കൊഴിഞ്ഞുവീഴുന്ന ഇലകൾ വഴിയിൽ നിന്ന് ചൂലുകൊണ്ട് അരികിലേക്ക് മാറ്റിയിടുക മാത്രമേ ചെയ്യാവൂയെന്ന് മെത്രാപ്പൊലീത്ത ഉദ്യാനപാലകരെ ഓർമ്മിപ്പിച്ചിരുന്നു. കരിയിലകൾ കുമിഞ്ഞുകൂടിയാലും തീയിടാൻ അനുവദിച്ചിരുന്നില്ല. എല്ലാം ഭൂമിയിൽ അലിഞ്ഞുചേരണമെന്ന കുട്ടനാടിന്റെ മനസാണ് മെത്രാപ്പൊലീത്തയെ നയിച്ചിരുന്നത്. മണ്ണിനെയും മരങ്ങളെയും ഇത്രയധികം സ്നേഹിച്ച പച്ചയായമനുഷ്യർ അപൂർവമാണ്. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ആശുപത്രിയും സഭാആസ്ഥാനവും സ്‌കൂളുമെല്ലാം സന്ദർശിച്ചവർക്ക് ഇക്കാര്യങ്ങൾ ബോധ്യപ്പെടും. സഭയുടെ ആസ്ഥാനമായ കിഴക്കൻ മുത്തൂർ സെന്റ് തോമസ് നഗർ നൂറുകണക്കിന് അപൂർവയിനം വൃക്ഷങ്ങളും ചെടികളാലും സമ്പന്നമാണ്. അത്യപൂർവമായ ശിംശിപ വൃക്ഷം ഉൾപ്പെടെ ഇവിടെ തണലേകുന്നു. വിവിധ ഔഷധസസ്യങ്ങൾ, നക്ഷത്രവനം, ഉദ്യാനങ്ങൾ എന്നിവയെല്ലാം മെത്രാപ്പൊലീത്തയുടെ ആശയങ്ങളാണ്. കാമ്പസിന്റെ ദാഹമകറ്റുന്ന ഏഴ് ഏക്കറിലധികം വിസ്തൃതമായ ജലസംഭരണിയിൽ ശരാശരി 1750 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാം. നൂറിലധികം ദേശാടന പക്ഷികൾ ഇവിടുത്തെ സന്ദർശകരാണ്. ഇടയ്ക്കിടെ അങ്ങിങ്ങായി ഇവയോടിണങ്ങി തലയുയർത്തി നിൽക്കുന്ന മനോഹരമായ കെട്ടിടങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന നൂറ് ഏക്കറിലേറെയുള്ള കാമ്പസിലെ കാഴ്ചകൾ കുളിർമയേകുന്നതാണ്. ചുട്ടുപൊള്ളുന്ന വേനലിലും സെന്റ് തോമസ് നഗറിന് സ്നേഹം തോന്നുന്ന കുളിർമ്മയുണ്ട്. ഇലക്ട്രിക് വാഹങ്ങൾക്ക് മാത്രമാണ് കാമ്പസിൽ പ്രവേശനം. മരങ്ങളുടെ വേരുകൾ മുറിക്കാതെയാണ് ജലവിതരണത്തിനുള്ള പൈപ്പുകൾ കാമ്പസിൽ സ്ഥാപിച്ചിട്ടുള്ളതെന്ന് ഇവിടുത്തെ പ്ലംബർമാർ പറഞ്ഞു. മരക്കൊമ്പ് മുറിക്കണമെങ്കിലും മെത്രാപ്പൊലീത്തയുടെ അനുമതി വേണ്ടിയിരുന്നു. മണ്ണിൽ മരങ്ങൾ നട്ടുവളർത്തി പ്രകൃതിയെ സംരക്ഷിക്കാൻ എക്കാലവും കാർക്കശ്യം പുലർത്തി ശ്രദ്ധാലുവായിരുന്ന മെത്രാപ്പൊലീത്തയുടെ വിയോഗം തീരാനഷ്ടമാണ്.