തിരുവല്ല: വിദ്യാഭ്യാസ വകുപ്പിലെ വിവിധ മേളകൾ ഏറ്റെടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായ കൺവീനർമാർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് പടിക്കൽ ധർണ നടത്തി. മേളകൾ പൂർത്തിയായി 3 മാസം മുതൽ 6 മാസം വരെ കഴിഞ്ഞിട്ടും സാമ്പത്തിക നടപടികൾ പൂർത്തിയാക്കാത്തത് സംസ്ഥാനത്ത് ജില്ലയിൽ മാത്രമാണ്. അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്ന് കൃത്യമായി തുക പിരിച്ചെടുത്തിട്ടും സംസ്ഥാന വിഹിതം ലഭ്യമായിട്ടും നടപടികൾ പൂർത്തിയാക്കാത്തത് ഉപ ഡയറക്ടറുടേയും ഓഫീസ് ജീവനക്കാരുടേയും അനാസ്ഥയാണെന്നും കൺവീനർമാർ പറഞ്ഞു. തീരുമാനം ഉടൻ ഉണ്ടാകാത്ത പക്ഷം ജില്ലാതല പ്രവേശനോൽസവം അടക്കം വരും വർഷത്തെ മേളകൾ ബഹിഷ്‌കരിക്കുമെന്നും അവർ പറഞ്ഞു. കൺവീനർ കോ- ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എസ് പ്രേം. അദ്ധ്യക്ഷത വഹിച്ചു. കൺവീനർമാരായ ഹബീബ് മദനി, വി.ജി കിഷോർ,ഫ്രെഡി ഉമ്മൻ, അജിത്ത് ഏബ്രഹാം, ജിജി വർഗീസ്, ടി എച്ച് ഹാഷിം എന്നിവർ പ്രസംഗിച്ചു.