അടൂർ : ജനലിനരികിൽ കിടന്നുറങ്ങവെ ദന്തഡോക്ടറുടെ കാലിലെ കൊലുസ് മോഷ്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുൻപ് വെളുപ്പിന് മൂന്ന് മണിക്കാണ് വടക്കടത്ത് കാവ് കൊല്ലന്റയ്യത്ത് രമയുടെ മകൾ ഡോ. വിഷ്ണുപ്രിയയുടെ ഇരുകാലുകളിൽ നിന്നും ഒന്നരപ്പവൻ വീതമുള്ള കൊലുസ് കവർന്നത്. ശേഷം ഇടത് കൈയിലെ വള മുറിച്ചെടുക്കുവാൻ ശ്രമിച്ചെങ്കിലും വിഷ്ണുപ്രിയ ഉണർന്ന് ബഹളം വച്ചതിനാൽ മോഷ്ടാവ് കടന്ന് കളഞ്ഞു. വിഷ്ണുപ്രിയയുടെ കൈ മുറിഞ്ഞിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചിരുന്നു. അടൂർ മേഖലയിൽ അടുത്തിടയായി മോഷണം വർദ്ധിക്കുന്നതായി പരാതി ഉണ്ട്. രാത്രികാല പരിശോധന പൊലീസ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പെരിങ്ങനാട് വഞ്ചി മോഷണവും, മങ്ങാട് അടഞ്ഞ വീട്ടിൽ മോഷണശ്രമം നടന്നതും അടുത്തകാലത്താണ്.