ആയിരങ്ങളെ ക്രിസ്തു സ്നേഹത്തിന്റെ തണലിലേയ്ക്ക് വഴി നയിച്ച പ്രകാശഗോപുരമാണ് അണഞ്ഞത്. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന് മാത്രമല്ല ലോകക്രൈസ്തവ സമൂഹത്തിന് വന്ദ്യ പിതാവിന്റെ വേർപാട് തീരാനഷ്ടമാണ്. സഭയുടെ ആദ്യകാലം മുതൽ മെത്രാപ്പൊലീത്തയോടൊപ്പം സഭാ ശുശ്രൂഷകളിൽ പങ്കാളിയാകാൻ കഴിഞ്ഞത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. ആ സ്നേഹവും കാരുണ്യം പിതൃതുല്യ വാത്സല്യവും കരുതലും അപരിമേയമായിരുന്നു.
ഏതു സാഹചര്യത്തിലും എന്തു പ്രതിസന്ധികളുണ്ടായാലും ഒരു യാമപ്രാർത്ഥന പോലും മുടക്കാത്ത മാതാവ് ആച്ചിയമ്മയുടെ ക്രിസ്തു വിശ്വാസവും ഭക്തിയും ശൈശവത്തിൽ തന്നെ ഹൃദയത്തിൽ സംഗ്രഹിച്ചതോടെ എട്ടാം വയസിൽ കെ.പി.യോഹന്നാൻ എന്ന കുഞ്ഞ് ക്രിസ്തുവിനായി എന്നും ജീവിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. 16-ാം വയസിൽ സുവിശേഷവേലയുടെ ഭാഗമായി മാറാൻ
ആ പ്രതിജ്ഞയാണ് അദ്ദേഹത്തിന് കരുത്തേകിയത്. തുടർന്ന് താപസതുല്യമായ ജീവിതത്തിലുടെ ലോകത്തിനുതന്നെ പ്രകാശമാകാൻ ഈ വിശ്വപൗരന് സാധിച്ചു. വാക്കുകൾക്ക് വരച്ച കാട്ടാനാവുന്നതിലും അധികമായിരുന്നു പിതാവ്. ശത്രുവിനെപ്പോലും സ്നേഹിക്കാൻ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. ദൈവം അറിയാതെ ഒന്നും നടക്കില്ലന്ന് ഞങ്ങളെ ബോദ്ധ്യപ്പെടുത്തി. ഒരു പാപവും ചെയ്യാതെ ക്രൂശിതനായ ക്രിസ്തുവിന്റെ ജീവിതമാണ് നാം തുടരേണ്ടതെന്ന് ഞങ്ങൾക്ക് കാട്ടിത്തന്നു. നൂറ്റാണ്ടുകളോളം നടന്നു നീങ്ങാൻ ആവശ്യമായവയൊക്കെ വത്സല പിതാവ് സഭയ്ക്ക് പകർന്നു തന്നു. പട്ടിണിയിലും ദാരിദ്രത്തിലും വലയുന്നവർക്കു മുന്നിൽ അത്താണിയായി മാറാൻ പിതാവിന് കഴിഞ്ഞത് ക്രിസ്തുദർശനത്തിന്റെ ഭാഗമായിരുന്നു. അതാണ് കുഷ്ഠരോഗികൾക്കിടയിലും അനാഥർക്കിടയിലും കണ്ണീരണിഞ്ഞ കർഷകർക്കിടയിലുമൊക്കെ സഹായകനാകാൻ മെത്രാപ്പൊലീത്തയ്ക്ക് ആത്മബലം നൽകിയത്. ഞാനടക്കമുള്ള സഭാപ്രവർത്തകരുടെ ദൈനംദിന ജീവിതത്തിലും ആരോഗ്യപരിപാലനത്തിലും തിരുമനസ്സിന്റെ കരുതലുണ്ടായിരുന്നത് എങ്ങനെയാണ് ഞങ്ങൾക്ക് മറക്കാൻ കഴിയുക.
അപകടമുണ്ടായതിന്റെ തലേദിവസവും മെത്രാപ്പൊലീത്തയുമായി സംസാരിച്ചിരുന്നു. സഭയുടെ പരിശുദ്ധ സിനഡിലും വൈദീക സമ്മേളനത്തിലും എല്ലാം പങ്കെടുത്ത് സഭയുടെ പരമാദ്ധ്യക്ഷൻ എന്ന നിലയിൽ എല്ലാ മാർഗ നിർദ്ദേശങ്ങളും, ഉപദേശങ്ങളും നൽകിയ ശേഷമാണ് മെത്രാപ്പൊലീത്ത അഞ്ചുദിവസം മുൻപ് ടെക്സാസിലിലെ സഭാ ആസ്ഥാനത്തേക്ക് പോയത്.
ഇനിയും എത്രയോ പതിറ്റാണ്ടുകൾ ഞങ്ങളെ നയിക്കണ്ട യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ വിയോഗം വിശ്വസിക്കാനാകുന്നില്ല. തീരാദുഃഖത്തിലും സഭയെ കരുത്തോടെ നയിക്കാൻ മെത്രാപ്പോലീത്തയുടെ അനുഗ്രഹം എന്നും ഞങ്ങൾക്ക് തുണയാകും.