malayalappuzha
കാറ്റിലും മഴയിലും മലയാലപ്പുഴയിൽ കടപുഴകി വൈദ്യുതി ലൈനുകളിലേക്ക് വീണ മരങ്ങൾ ഫയർഫോഴ്സും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് മുറിച്ചു മാറ്രുന്നു

പത്തനംതിട്ട: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ മൈലാടുംപാറ 17-ാംവാർഡിൽ വ്യാപകനാശം. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് 15ൽപരം വൈദ്യുതി പോസ്റ്റുകൾ തകർന്നു. പത്തനംതിട്ടയിൽ നിന്ന് ഫയർഫോഴ്‌സും മലയാലപ്പുഴയിൽ നിന്ന് പൊലീസും എത്തി മരങ്ങൾ മുറിച്ചുമാറ്റി. രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് വലിയതോതിൽ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
വൈദ്യുതി വകുപ്പിന്റെ കുമ്പഴ സെക്ഷനിലെ മല്ലശ്ശേരി, പള്ളിക്കുഴി, മൈലാടുംപാറ, സ്‌പോഞ്ച് ഫാക്ടറി എന്നിവിടങ്ങളിലാണ് നാശം. വൈദ്യുതി പോസ്റ്റുകളിലേക്ക് വീണ പ്ലാവ്, ആഞ്ഞിലി, തേക്ക്, തെങ്ങ്, ആൽമരം എന്നിവ പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ അഭിജിത്തിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലധികം നീണ്ട ശ്രമത്തിലാണ് മുറിച്ചുനീക്കിയത്. വൈദ്യുതി ഇന്ന് പുലർച്ചയോടെ പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്തെ കാർഷിക വിളകളും വ്യാപകമായി നശിച്ചിട്ടുണ്ട്. ഏത്തവാഴ കർഷകർക്കാണ് കൂടുതൽ നഷ്ടം. കപ്പയും ചേനയുംപച്ചക്കറി കൃഷികളും കാറ്റിൽ നശിച്ചു.