പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം കോന്നി ടൗൺ ശാഖാ ഗുരുമന്ദിരത്തിൽ വെണ്ണക്കൽ പ്രതിഷ്ഠ 13 നും നവീകരിച്ച ഗുരുമന്ദിര സമർപ്പണം 14നും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

13 ന് വൈകിട്ട് 4.30ന് ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയുടെ കാർമ്മികത്വത്തിൽ വെണ്ണക്കൽ പ്രതിഷ്ഠ നടക്കും. നവീകരിച്ച ഗുരുമന്ദിരം സമർപ്പണം ചൊവ്വാഴ്ച വൈകിട്ട് 4 ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. ഡി. അനിൽകുമാർ, കെ.യു. ജനീഷ്‌കുമാർ എം.എൽ.എ, കെ.പി. ഉദയഭാനു, എ.പി ജയൻ, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, വി.എ. സൂരജ് തുടങ്ങിയവർ പങ്കെടുക്കും.

10,11,12 തീയതികളിൽ ഗുരുപൂജ, ഗണപതി പൂജ, ഗുരുദേവ കൃതികളുടെ പാരായണം, സമൂഹ പ്രാർത്ഥന, ശ്രീനാരായണ ദിവ്യസത്സംഗം എന്നിവ നടക്കും. 12ന് രാവിലെ വെണ്ണക്കൽ പ്രതിഷ്ഠ ശില്പിയിൽ നിന്ന് ഏറ്റുവാങ്ങി പാറയ്ക്കൽ ഗുരുക്ഷേത്രം, ഓമല്ലൂർ ഗുരുക്ഷേത്രം, പത്തനംതിട്ട ടൗൺ ഗുരുക്ഷേത്രം, പ്രമാടം ഗുരുമന്ദിരം , തെങ്ങുംകാവ് ഗുരുക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 4ന് കോന്നിയിൽ എത്തും. 14 ന് ഉച്ചയ്ക്ക് 2 ന് പ്രീതിലാലിന്റെ പ്രഭാഷണവും വൈകിട്ട് 6.30ന് ആകാശദീപക്കാഴ്ചയും, 7.30 ന് ഗാനമേളയും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ , ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്, എ. എൻ. അജയകുമാർ, പി. കെ. പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.