തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ കബറടക്കം തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടത്തുവാൻ എപ്പിസ്‌കോപ്പൽ സിനഡ് കൗൺസിൽ തീരുമാനിച്ചു. അമേരിക്കയിൽ നിന്ന് ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിന്റെ നടപടിക്രമങ്ങൾ വൈകുന്നതിനാൽ സംസ്കാരം നടത്തുന്ന തീയതി തീരുമാനമായില്ല. എങ്കിലും 10 ദിവസങ്ങൾക്കുള്ളിൽ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് സഭാവക്താവ് ഫാ.സിജോ പന്തപ്പള്ളിൽ പറഞ്ഞു. സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകാനും പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതിനുമായി സഭയുടെ അഡ്മിനിസ്ട്രേറ്റിവ് കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഒൻപത് അംഗ ബിഷപ്പുമാരുടെ സംഘത്തെ സിനഡ് യോഗത്തിൽ തിരഞ്ഞെടുത്തു. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ചെന്നൈ അതിഭദ്രാസന അധിപൻ സാമുവൽ മാർ തെയോഫിലോസ് നേതൃത്വം നൽകും. കൗൺസിലിൽ മാത്യൂസ് മാർ സിൽവാനിയോസ്, മാർട്ടിൻ മാർ അപ്രേം, ജോഷ്വാ മാർ ബർണബാസ്‌, ഡോ. സാമുവൽ മാർ തെയോഫിലോസ്, ജോൺ മാർ ഐറേനിയോസ് എന്നിവർ പങ്കെടുത്തു.