ചെങ്ങന്നൂർ: ശാസ്താംപുറം ചന്ത നവീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഴയകെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. അഞ്ചരക്കോടി ചെലവഴിച്ചാണ് ചന്ത ആധുനികരീതിയിൽ നവീകരിക്കുന്നത്. പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റി സ്ഥലം നിരപ്പാക്കി തീരദേശവികസന കോർപ്പറേഷന് കൈമാറാനുള്ള ഉത്തരവാദിത്വം നഗരസഭയ്ക്കാണ്. മാർക്കറ്റ് നവീകരണം പൂർത്തിയാക്കുന്നതോടെ എം.കെ. റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
ചന്തയിലെ ഏറ്റവും വലിയ പ്രശ്നമായ മാലിന്യസംസ്‌കരണത്തിന് വിപുലമായ സൗകര്യമൊരുക്കിയാകും പുതിയ ചന്ത നിർമ്മിക്കുക. പുതിയ പദ്ധതിയിൽ ജൈവമാലിന്യസംസ്‌കരണപ്ലാന്റ് ഇടം പിടിച്ചിട്ടുണ്ട്. മത്സ്യച്ചന്തയിലും മാലിന്യസംസ്‌കരണത്തിന് പ്രത്യേകം സംവിധാനമുണ്ടാകും.
പുനർനിർമാണത്തിനായി അഞ്ച് കോടി രൂപയുടെ അനുമതിയാണ് ലഭിച്ചത്. നഗരത്തിലെ തിരക്കേറിയ സ്ഥലത്താണ് ചന്ത. പദ്ധതി പൂർത്തിയാക്കുന്നതോടെ നഗരത്തിന്റെ മുഖച്ഛായ മാറും. നേരത്തേ ഉണ്ടായിരുന്ന കച്ചവടക്കാർ നല്ലൊരുഭാഗവും സ്വയം മാറിയിരുന്നു. പുതിയ ചന്ത പ്രവർത്തിച്ചു തുടങ്ങുമ്പോൾ ഇവർക്കുതന്നെ മുൻഗണന നൽകണമെന്ന ആവശ്യം ശക്തമാണ്. 1900 ചതുരശ്ര അടിയിലാണ് ചന്ത നിർമ്മിക്കുന്നത്. ഇതിൽ 36 കടമുറികൾ ഉണ്ടാകും. കെട്ടിടനിർമ്മാണത്തിനായി 3.6 കോടി രൂപയുടെ സാങ്കേതിക അനുമതി നൽകി ടെൻഡർ ചെയ്തിരുന്നു. ചപഴയ കെട്ടിടങ്ങൾക്കെല്ലാം കൂടി 14 ലക്ഷം രൂപയുടെ മൂല്യമാണ് നഗരസഭ എൻജിനീയറിംഗ് വിഭാഗം കണക്കാക്കുന്നത്.
ഗതാഗതക്കുരുക്ക് ഒഴിവാകും
ബസുകൾ അടക്കമുള്ള വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമുണ്ടാകും. ഇതോടെ എം.കെ. റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും മറ്റും വാഹനങ്ങളുടെ പാർക്കിംഗിനും ഇടമുണ്ടാകും.
നിർമ്മാണം തീരദേശ വികസന കോർപ്പറേഷൻ
തീരദേശവികസന കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. ചന്തയിൽനിന്ന് കച്ചവടക്കാരെ താത്കാലികമായി ഒഴിപ്പിച്ച് നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി, സ്ഥലം നിർമ്മാണയോഗ്യമാക്കി തീരദേശവികസന കോർപ്പറേഷന് കൈമാറേണ്ട ചുമതല നഗരസഭയ്ക്കാണ്.
പുതിയ ചന്ത
1900 ചതുരശ്ര അടി
36 കടമുറികൾ
5 കോടി ചെലവിൽ നിർമ്മാണം