ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിലെ അനധികൃത മണ്ണെടുപ്പ് തടയുന്നതിന് റവന്യൂ സ്‌പെഷ്യൽ ടീം രൂപീകരിച്ചു.

അനധികൃത നിലം നികത്ത്, മണ്ണെടുപ്പ്, ചെളിയെടുപ്പ് തടയാൻ എൽ.ആർ തഹസീൽദാർമാർ, ഡെപ്യൂട്ടി തഹസീൽദാർ എന്നിവരുടെ യോഗത്തിലാണ് നടപടി. തിരഞ്ഞെടുപ്പ് കാലത്തെ തിരക്കിന്റെ മറവിൽ ചെങ്ങന്നൂർ താലൂക്കിൽ നടത്തിയ 11 അനധികൃത നിലം നികത്തലുകൾക്കെതിരെ നടപടി സ്വീകരിച്ചു.
മാവേലിക്കര താലൂക്കിൽ അഞ്ചു വില്ലേജുകളിൽ നടന്ന 7 അനധികൃത നികത്തലുകൾ പൂർവസ്ഥിതിയിലാക്കുന്നതിന് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കാർത്തികപ്പള്ളി താലൂക്കിലെ 14 അനധികൃത നികത്തലുകൾക്കെതിരെയും നടപടി സ്വീകരിച്ചു.


@ മുളക്കുഴ കേന്ദ്രീകരിച്ചുള്ള അനധികൃത മണ്ണെടുപ്പ് തടയുന്നതിന് റവന്യൂ, പൊലീസ് സംയുക്ത പരിശോധനയും രാത്രികാല പട്രോളിംഗും ആരംഭിക്കുന്നതിന് സ്‌പെഷ്യൽ ടീം രൂപീകരിച്ചു.

@ അനധികൃത നിലം നികത്തലും മണ്ണെടുപ്പും തടയുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല കൺട്രോൾ റൂമുകൾ ആരംഭിച്ചു.

@ അനധികൃത നിലംനികത്തിൽ ഏർപ്പെടുന്ന വാഹനങ്ങൾ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം പിടിച്ചെടുത്ത് കണ്ടുകെട്ടും.

ശിക്ഷ ഉറപ്പ്


വിജ്ഞാപനം ചെയ്യപ്പെട്ട നിലമോ തണ്ണീർത്തടമോ നിയമവിരുദ്ധമായി പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നവർക്ക് 6 മാസം മുതൽ 3 വർഷം വരെ തടവും 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പിഴയും ഈടാക്കുമെന്ന് ചെങ്ങന്നൂർ ആർഡിഒ അറിയിച്ചു.

--------------------

താലൂക്ക് തല കൺട്രോൾ റൂം നമ്പർ: ചെങ്ങന്നൂർ തഹസീൽദാർ (എൽ.ആർ) 8547611801, മാവേലിക്കര തഹസീൽദാർ (എൽ.ആർ) 8547611701, കാർത്തികപള്ളി തഹസീൽദാർ (എൽ ആർ) 8547611601