കോന്നി: കുളത്തുമണ്ണിൽ കടുവ ഭക്ഷിച്ചനിലയിൽ പശുവിന്റെ ജഡം കണ്ടതോടെ നാട്ടുകാർ ഭീതിയിലായി. വനം വകുപ്പിന്റെ സ്ട്രൈക്കിങ് ഫോഴ്‌സ് മുന്ന് ദിവസമായി പ്രദേശത്ത് നിരീക്ഷണം നടത്തുകയാണ്. കുളത്തുമൺ താമരപള്ളി പാലക്കുഴി ഭാഗത്താണ് കഴിഞ്ഞദിവസം നാട്ടുകാർ കടുവയെ കണ്ടത് . ജനവാസമേഖലയിൽ നിന്ന് മീറ്ററുകൾ മാത്രമേ ഇവിടേക്കുള്ളു. മേയാൻ വിട്ട പശുവിനെ കാണാതായതോടെ തെരച്ചിൽ നടത്തിയ ആഭിത് ഭവനിൽ അജികുമാറും പരിസരവാസികളും നടത്തിയ തെരച്ചിലാണ് കടുവയെ കണ്ടത്. ഇവിടെ കിടക്കുകയായിരുന്നു കടുവ. നാട്ടുകാർ ബഹളം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ കടുവ ഒാടിപ്പോയി. പശുവിന്റെ ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ജഡത്തിന്റെ അവശിഷ്ടങ്ങൾ ഭക്ഷിക്കാൻ കടുവ വീണ്ടും എത്തുമെന്നാണ് വനപാലകർ കരുതുന്നത്. ഹാരിസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റിലെ പാറക്കുളം ഭാഗത്ത് കടുവയെ കണ്ട പശ്ചാത്തലത്തിൽ വനപാലകർ അവിടെ ക്യാമറ സ്ഥാപിച്ചിരുന്നു. ക്യാമറ സ്ഥാപിച്ചതിന്റെ തൊട്ടു താഴെയാണ് വീണ്ടും കടുവയെ കണ്ടത്. ഇവിടെ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.