c-kesavan

സി.കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ 89 -ാം വാർഷികമാണിന്ന്. അദ്ദേഹത്തി​ന്റെ ഒാർമ്മകൾക്കായി കോഴഞ്ചേരിയിൽ സ്ഥാപിച്ച സ്മാരകത്തിന്റെ നി‌ർമ്മാണം പാതിവഴിയിലാണിപ്പോൾ.

കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും നിവർത്തന പ്രക്ഷോഭ നായകനും തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്റെ കോഴഞ്ചേരി ടൗണിലെ സ്മാരക നവീകരണം നീളുന്നു. പണികൾ ആരംഭിച്ച് ഒരു വ‌ർഷം പിന്നിട്ടിട്ടും എന്ന് പൂർത്തീകരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

കഴിഞ്ഞ വ‌ർഷം മാർച്ചിലാണ് നവീകരണം തുടങ്ങിയത്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പദ്ധതിക്ക് മന്ത്രി വീണാജോർജിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് ഇരുപത് ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിനാണ് മേൽനോട്ട ചുമതല.

നവീകരിച്ച വെങ്കല പ്രതിമ സ്മാരക സ്ക്വയറിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രതിമ സംരക്ഷിക്കുന്നതിനുള്ള മേൽക്കൂരയും പണിതു. ചുറ്റുമതിലും നിർമ്മിച്ചു. സി.കേശവന്റെ പേരിൽ ചരിത്ര മ്യൂസിയമൊരുക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും തുട‌ർനടപടി ഉണ്ടായില്ല.

വൈദ്യുതിയും വെള്ളവും വേണം

കെ.എസ്.ഇ.ബിയുടെയും വാട്ടർ അതോറിട്ടിയുടേയും അനുമതി വൈകുന്നതാണ് പദ്ധതി വൈകാൻ കാരണം. അനുമതി ലഭിച്ചാൽ മാത്രമേ പുൽത്തകിടിയും ചെടികളും നട്ടുപിടിപ്പിക്കാൻ സാധിക്കൂ.

ചരിത്രപ്രസിദ്ധമായ പ്രസംഗം

1935 മേയ് 11ന് അന്നത്തെ ദിവാൻ സർ സി.പിക്കെതിരെ സി.കേശവൻ കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. ആരാധനാ സ്വാതന്ത്ര്യവും വോട്ടവകാശവും സർക്കാർ ജോലിയും ഈഴവർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിഷേധിച്ചതിനെതിരെയാണ് കോഴഞ്ചേരി പ്രസംഗത്തിലൂടെ സി.കേശവൻ ആഞ്ഞടിച്ചത്. ദിവനെതിരെ ശബ്ദം ഉയർത്തിയതിന് അദ്ദേഹത്തെ ജയിലിലടച്ചു.

നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണമെന്നാണ് ആവശ്യം. കോഴഞ്ചേരി പ്രസംഗത്തിന്റെ 89 -ാം വാ‌ർഷികമാണിന്ന്. കോഴഞ്ചേരി യൂണിയൻ ഓഡിറ്റോറിയത്തിൽ യോഗം നടക്കും. അടുത്ത വർഷം നവതി വിപുലമായി നടത്തും.

കെ. മോഹൻ ബാബു,

എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ്

കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ നൽകിയാൽ മാത്രം മതി. ആവശ്യമായ ഫണ്ട് അടച്ചിട്ടുണ്ട്. വാട്ട‌ർ അതോറിട്ടിയുടെ ഫണ്ട് അടച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാലാണ് കാലതാമസം നേരിടുന്നത്.

അസി.എക്സിക്യൂട്ടീവ് എൻജിനിയ‌ർ.