റാന്നി : ശബരിമല പാതയിലെ അപകട മേഖലയിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചു. മണ്ണാറക്കുളഞ്ഞി ഇലവുങ്കൽ ശബരിമല പാതയിൽ തോടിനോട്ചേർന്ന അപകട ഭീഷണി നേരിട്ടിരുന്ന ഭാഗങ്ങളിലാണ് ക്രാഷ് ബാരിയർ സ്ഥാപിച്ചത് . കുമ്പളാംപൊയ്ക മുതൽ വടശേരിക്ക വരെയുള്ള ഭാഗത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഡി.ആർ കൽക്കെട്ട് മാത്രമാണ് ഉണ്ടായിരുന്നത്. കാലപ്പഴക്കം കാരണം പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള കൽകെട്ടുകൾ തകർന്നിരുന്നു. ഇവയ്ക്ക് പകരമായാണ് പുതിയത് സ്ഥാപിച്ചത്. ഇതോടെ മേഖലയിലെ അപകട ഭീഷണി ഏറെക്കുറെ ഒഴിവായിട്ടുണ്ട്. ശബരിമല തീർത്ഥാടന കാലത്ത് ഉൾപ്പെടെ ലക്ഷക്കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. ക്രാഷ് ബാരിയറിന്റെ അഭാവം മേഖലയിൽ അപകട ഭീഷണി ഉയർത്തിയിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയ ഹൈവേ വിഭാഗമാണ് നിർമ്മാണ പ്രവർത്തികൾ ചെയ്യുന്നത്. ഭരണിക്കാവ് -മുണ്ടക്കയം 183 എ ദേശീയ ഹൈവേയിൽ ഉൾപ്പെടുത്തിയ പാത ഉന്നത നിലവാരത്തിൽ ടാറിംഗ് ജോലികൾ അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. മണ്ണാറക്കുളഞ്ഞി മുതൽ മുണ്ടപ്ലാക്കൽ പടിവരെയാണ് ഇനിയും രണ്ടാം ഘട്ട ടാറിംഗ് നടത്താനുള്ളത്. റോഡിനു വശങ്ങളിലെ ഐറിഷ് ജോലികളും നടന്നുവരുന്നു. മുമ്പ് ഇന്റർലോക്ക് പാകിയിരുന്നത് പൂർണ്ണമായും മാറ്റി പുതിയത് സ്ഥാപിച്ചു. തീർത്ഥാടനകാലത്ത് ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പന്മാർക്ക് ഇത്തവണ കുണ്ടിലും കുഴിയിലും ചാടാതെ നിലയ്ക്കലിൽ എത്തിപ്പെടാം എന്നത് ഏറെ ആശ്വാസമാണ്. പുനലൂർ- മൂവാറ്റുപുഴ പാതയുടെ നിർമ്മാണം പൂർത്തിയായതോടെ മണ്ണാറക്കുളഞ്ഞി പാതയിലും വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്.