തിരുവല്ല : നിരണം പ്രദേശത്തിന്റെ കായിക സ്വപ്നങ്ങൾക്ക് തിലകക്കുറിയാകാൻ സെന്റ് തോമസ് ഹൈസ്കൂൾ ഫ്ലഡ് ലിറ്റ് ബാസ്കറ്റ് ബാൾ സ്റ്റേഡിയം പൂർത്തിയായി. സെന്റ് തോമസ് സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച സ്റ്റേഡിയത്തിന്റെ സമർപ്പണം നാളെ വൈകിട്ട് 4.45ന് മുൻ ഇന്ത്യൻ ഇന്റർനാഷണൽ താരവും നിലവിലെ ഇന്ത്യൻ ഇന്റർനാഷണൽ പരിശീലകനുമായ സി.വി.സണ്ണി നിർവ്വഹിക്കും. അർജ്ജുന അവാർഡ് ജേതാക്കളായ ഷൈനി വിൽസൺ, വിൽസൺ ചെറിയാൻ എന്നിവർ സ്പോർട്സ് അക്കാദമി ഉദ്ഘാടനം ചെയ്യും. 40 മീറ്റർ നീളത്തിലും 25 മീറ്റർ വിസ്തൃതിയിലും നിർമ്മിച്ചിട്ടുള്ള സ്റ്റേഡിയത്തിൽ അഞ്ഞൂറോളം പേർക്ക് ഗാലറി സൗകര്യം ഉണ്ട്. സ്‌കൂളിലെ കായികപ്രേമികളായ ഒരുകൂട്ടം പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചത്. ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ എന്നിവർ ഉൾപ്പെടെ പങ്കെടുക്കുന്ന സമ്മേളനത്തിന് ശേഷം പുരുഷ, വനിതാ ടീമുകളുടെ മത്സരം നടക്കും. വൈകിട്ട് 6ന് നടക്കുന്ന വനിതകളുടെ മത്സരത്തിൽ ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജും പാലാ അൽഫോൺസ കോളേജും ഏറ്റുമുട്ടും. തുടർന്ന് നടക്കുന്ന പുരുഷ ടീമുകളുടെ മത്സരത്തിൽ കെ.എസ്.ഇ.ബി തിരുവനന്തപുരവും സെന്റ് തോമസ് ടീമും മത്സരിക്കും. പുതിയ തലമുറയുടെ കായിക പ്രതീക്ഷകൾക്ക് പ്രാമുഖ്യം നൽകി സൗജന്യമായി സ്റ്റേഡിയം ഉപയോഗിക്കാനാകുമെന്ന് സെന്റ് തോമസ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.