മല്ലപ്പള്ളി: ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ പ്രവേശ കവാടത്തിനു സമീപം രൂപപ്പെടുന്ന വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു. 45ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് സ്റ്റാൻഡിന്റെ നിർമ്മാണ പ്രവർത്തനം ആഴ്ചകൾക്ക് മുൻപ് പൂർത്തിയാക്കിയത്. വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനും കാത്തിരിപ്പു കേന്ദ്രവും മറ്റുമാണ് നിർമ്മിച്ചത്. അടുത്തിടെ നടത്തിയ കോൺക്രീറ്റും പ്രവേശ കവാടത്തിനും ഇടയിൽ താഴ്ന്നുകിടക്കുന്നതിനാൽ സ്ഥലത്താണ് മഴ പെയ്യുമ്പോൾ ഒലിച്ചു പോകാതെ വെള്ളം കെട്ടികിടക്കുകയാണ്. ശക്തമായ മഴ പെയ്താൽ യാത്രക്കാർ സ്റ്റാൻഡിലെത്തി ബസിൽ കയറണമെങ്കിൽ ഏറെ കഷ്ടപ്പെടണം. ഇവിടെ കെട്ടികിടക്കുന്ന മലിന ജലം വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാരുടെ വസ്ത്രങ്ങളിൽ തെറിക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. എന്നാൽ അശാസ്ത്രിയമായ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്.