മാന്നാർ : അനധികൃതമായി പാടം നികത്തുവാനുള്ള നീക്കം കർഷകത്തൊഴിലാളി യൂണിയൻ തടഞ്ഞു. മാന്നാർ കുരട്ടിശേരി വില്ലേജിൽ പാവുക്കര മൂന്നാം വർഡിലെ പാടശേഖരമാണ് അനധികൃതമായി സ്വകാര്യ ഉടമ നികത്താനായി മണ്ണടിച്ചത്. വീട് വയ്ക്കുന്നതിനുവേണ്ട പാടം നിയമപരമായി നികത്താൻ ലഭിച്ച അനുമതിയുടെ മറവിൽ വീടിനോട് ചേർന്നുള്ള മറ്റ് ഭാഗങ്ങൾ കൂടി നികത്താൻ ശ്രമിച്ചതാണ് യൂണിയൻ തടഞ്ഞത്. ചില റവന്യൂ ഉദ്യോഗസ്ഥരെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും സ്വാധിനിച്ച് നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായി നിലം നികത്തൽ തുടരുവാനുള്ള ശ്രമമാണ് തടഞ്ഞിരിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത് നിയമപരമായി തടയണമെന്നും കുറ്റക്കാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കെ.എസ്.കെ.ടി.യു മാന്നാർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.