elangamangalam-road
പൊളിച്ചിട്ടിരിക്കുന്ന ഇളങ്ങമംഗലം റോഡ്. മെറ്റൽ ഇറക്കിയിട്ടിരിക്കുന്നത് കാണാം

അടൂർ : ഇളങ്ങമംഗലം റോഡ് തകർന്നതോടെ യാത്ര ദുരിതമായി. ഏനാത്ത്-പട്ടാഴി റോഡിൽ കളമല ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ഇളങ്ങമംഗലം ഗ്രാമം ചുറ്റി എത്തുന്ന റോഡാണിത്. .പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതി പ്രകാരം റോഡ് പുനർനിർമ്മിക്കാൻ വേണ്ടി പൊളിച്ചതാണ് ദുരിതത്തിന് കാരണം. റോഡ് പണി ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. വിവിധ ഇടങ്ങളിൽ മെറ്റലും ഇറക്കിയിട്ടിട്ടുണ്ട്. ചിലയിടത്ത് മെറ്റൽ നിരത്തിയത് ഇളകി കിടക്കുകയാണ്. പൊതുഗതാഗതം കുറവുള്ള പ്രദേശമാണ് ഇളങ്ങമംഗലം. ആകെയുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസ് നിറുത്തിയിട്ട് ഒമ്പത് വർഷമായി. സ്വന്തമായി വാഹനമില്ലാത്തവർക്ക് ഓട്ടോറിക്ഷകളാണ് ആശ്രയം. റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ കാരണം മിക്ക ഓട്ടോകളും ഇതുവഴി വരാറില്ല. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്.

ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റിക്ക് റോഡരികിൽ കൂടി പൈപ്പിടാനാണ് പണി തുടങ്ങാതിരുന്നതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഇപ്പോൾ വാട്ടർ അതോറിട്ടി പൈപ്പ് ഇട്ടിട്ടും പണി ആരംഭിച്ചിട്ടില്ല.

-------------

ഒരുവർഷം മുമ്പെടുത്ത ടാറിംഗിന്റെ എസ്റ്റിമേറ്റ് റിവിഷന് വേണ്ടി റൂറൽ ഡെവലപ്മെന്റ് ഓഫീസിൽ സമർപ്പിച്ചിരിക്കുകയാണ്. അതിന്റെ അംഗീകാരം ലഭിച്ചാലുടൻ പണികൾ ആരംഭിക്കും.

രാധാമണി ഹരികുമാർ
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

-----------------

ഇതുവഴി ഇരുചക്രവാഹന യാത്ര വളരെ അപകടം പിടിച്ചതാണ്. ഇതിനകം ധാരാളം പേർ അപകടത്തിൽപെട്ടു. പഞ്ചായത്തിന്റെ അനാസ്ഥമൂലമാണ് റോഡിന്റെ പണി നീളുന്നത്. റോഡ് നന്നാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും.

അനിൽ ഏനാത്ത്
ബി .ജെ .പി അടൂർ നിയോജക മണ്ഡലം സെക്രട്ടറി