13-nss-college-bypas-road
പന്തളം നഗരസഭയുടെ മുൻവശത്തുനിന്നും എൻ.എസ്.എസ്. കോളേജ് വരെ നീളുന്ന ബൈപ്പാസ് റോഡ് വെള്ളക്കുഴിയായി മാറിയപ്പോൾ

പന്തളം : മഴക്കാലം തുടങ്ങിയതോടെ പന്തളം നഗരസഭയുടെ മുൻവശത്തുനിന്ന് എൻ.എസ്.എസ്. കോളേജ് വരെ നീളുന്ന ബൈപ്പാസ് റോഡ് വെള്ളക്കുഴിയായി. ഇതോടെ കാൽനടയാത്രക്കാരും വാഹനയാത്ര ദുരിതത്തിലായി. സ്ഥിതി തുടങ്ങിയിട്ട് വർഷങ്ങളായിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്. വീതികൂട്ടി നവീകരണം നടത്താൻ നഗരസഭയെടുത്ത തീരുമാനം നടപ്പാകാതെ പോയതാണ് റോഡ് നിർമ്മാണത്തിന് തടസമായത്. മഴക്കാലം തുടങ്ങിതോടെ റോഡ് എപ്പോഴും വെള്ളക്കെട്ടായി തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. റോഡിന് വീതികൂട്ടി നന്നാക്കാനുള്ള പദ്ധതിയാണ് നഗരസഭ ആവിഷ്‌കരിച്ചിരുന്നതെങ്കിലും സ്വന്തം ഭൂമി റോഡിന് സൗജന്യമായി വിട്ടുനൽകാൻ കെട്ടിട ഉടമകൾ തയാറാകാത്തതാണ് പദ്ധതി മുടങ്ങാൻ കാരണം.

അപകടങ്ങൾ പതിവ്

കോളേജ് കവല മുതലുള്ള ഭാഗത്തെ വെള്ളവും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് റോഡിലെ വെള്ളവും ഒഴുകിയെത്തുന്ന താഴ്ന്ന റോഡാണ് ബൈപ്പാസ് റോഡ്. തിരക്കുള്ള റോഡിൽ വെള്ളക്കെട്ടുകാരണം അപകടത്തിൽപ്പെടുന്നവർ ഏറെയാണ്. റോഡ് തുടങ്ങുന്ന നഗരസഭയുടെ മുൻ ഭാഗത്താണ് കൂടുതൽ തകർച്ച. ടാറിംഗ് ഇളകി കിടക്കുന്നതിനാൽ ചെളിവെള്ളം കെട്ടിനിൽക്കുകയാണ് ഇവിടെ. താഴേക്കിറങ്ങിയാൽ കോൺക്രീറ്റ് ഇളകിക്കിടക്കുന്ന ഭാഗമാണുള്ളത്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ചപ്പാത്തിലാണ് കൂടുതൽ വെള്ളക്കെട്ടുള്ളത്.

ഹോട്ടലിലെ മലിനജലം റേഡിലേയ്ക്ക്

സമീപത്തുള്ള ഹോട്ടലിലെ മലിനജലവും ഇവിടെ കെട്ടിനിന്ന് ദുർഗന്ധം വമിക്കുന്നുണ്ട്. റോഡിൽ വെള്ളം നിറഞ്ഞാൽ ഒഴുകി കയറുന്നത് ഇരുവശത്തുമുള്ള കടകളിലേക്കാണ്. ഓരോ വലിയ മഴയിലും കടയിലെ സാധനങ്ങൾ എടുത്തുമാറ്റിയില്ലെങ്കിൽ കടക്കാർക്ക് നഷ്ടം സംഭവിക്കും. തകർന്ന് കുഴികളായി കിടക്കുന്ന ഭാഗത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ ശ്രമിക്കുന്നില്ല. നഗരസഭയിലെ 26, 27 വാർഡുകൾ ഉൾപ്പെടുന്ന ഭാഗത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. മെയിന്റനൻസ് ഗ്രാന്റും പൊതു ഫണ്ടും ചേർത്ത് 15 ലക്ഷത്തോളം രൂപ രണ്ട് വർഷങ്ങളിലായി റോഡ് നവീകരണത്തിന് മാറ്റിവച്ചിരുന്നു. എന്നാൽ ഇവിടെ ഓട പണിയാനുള്ള വീതിയില്ല. ഇപ്പോഴുള്ള വീതിയിൽ റോഡ് നന്നാക്കി സഞ്ചാരയോഗ്യമാക്കാനാണ് നഗരസഭാ അധികൃതരുടെ നീക്കം.

..............................................

നഗരസഭയിലെ 26, 27 വാർഡുകൾ ഉൾപ്പെടുന്ന ഭാഗം