പത്തനംതിട്ട: ഇടവമാസ പൂജകൾക്കും പ്രതിഷ്ഠാദിനത്തിനുമായി ശബരിമല നടതുറക്കുന്നതിനാൽ പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി 100 ബസുകൾ സ്‌പെഷ്യൽ സർവീസിനായി അനുവദിച്ചു. ഇതിൽ 50 ബസ് പമ്പ - നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തും. മാസപൂജയ്‌ക്കൊപ്പം പ്രതിഷ്ഠാദിനം കൂടി എത്തുന്നതിനാൽ ഇക്കുറി കൂടുതൽ ഭക്തരെത്തുമെന്ന കണക്കുകൂട്ടലിലാണ് കെ.എസ്.ആർ.ടി.സി. കൂടുതൽ തീർത്ഥാടകർ ട്രെയിൻ മാർഗം എത്തുന്ന ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ട ഡിപ്പോയിൽ നിന്നുമാണ് പ്രധാന സർവീസുകൾ. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുനിന്നും തീർത്ഥാടക സംഘങ്ങൾക്ക് ബസ് മുൻകൂട്ടി ബുക്കു ചെയ്തും പമ്പയിലേക്ക് എത്തുവാൻ കെ.എസ്.ആർ.ടി.സി സൗകര്യം ഒരുക്കിയിട്ടുണ്ട്.