തിരുവല്ല: കവിയൂർ കോട്ടൂർ കുടുംബയോഗത്തിന്റെ വാർഷികത്തോടനുബന്ധിച്ച് വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷിക അനുസ്മരണം നടത്തി. ആഞ്ഞിലിത്താനം ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്‌ഠാ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എസ്.എൻ.ഡി.പി.യോഗം മുൻ പ്രസിഡന്റ് അഡ്വ.സി.കെ.വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. വൈക്കം സത്യഗ്രഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കോട്ടൂർ കുടുംബത്തിന്റെ കാരണവരായ സി.കെ.പത്മനാഭൻ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിനെക്കുറിച്ചും അഡ്വ.സി.കെ.വിദ്യാസാഗർ അനുസ്മരിച്ചു. കുടുംബയോഗം പ്രസിഡന്റ് എം.ജെ. മഹേശൻ അദ്ധ്യക്ഷത വഹിച്ചു. കവിയൂർ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് സി.കെ.പത്മനാഭന്റെ സ്മരണയ്ക്കായി ഓഡിറ്റോറിയം നിർമ്മിച്ച നിലവിലെ പഞ്ചായത്ത് ഭരണസമിതിക്ക് നേതൃത്വം നൽകുന്ന പ്രസിഡന്റ് എം.ഡി. ദിനേശ് കുമാറിനെ യോഗത്തിൽ ആദരിച്ചു. എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖാ പ്രസിഡന്റ് എം.പി. ബിനുമോൻ, കുടുംബയോഗം രക്ഷാധികാരികളായ കെ.കെ.ശ്രീധരൻ, ആർ.പി.സുഗതൻ, കുടുംബയോഗം സെക്രട്ടറി കെ.ബി.ആനന്ദൻ, വൈസ് പ്രസിഡന്റ് എൻ.കെ. മോഹൻബാബു എന്നിവർ സംസാരിച്ചു. 80വയസ് പൂർത്തിയായവരെ യോഗത്തിൽ ആദരിച്ചു. തുടർന്ന് കലാപരിപാടികളും സമ്മാനദാനവും ചികിത്സാ സഹായം വിതരണവും വിദ്യാഭ്യാസ അവാർഡ് ദാനവും ഉണ്ടായിരുന്നു.