തിരുവല്ല : ആലപ്പുഴ ജില്ലയ്ക്ക് പിന്നാലെ പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലാണ് രോഗബാധ കണ്ടെത്തിയത്. മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാനത്തെ ഏക താറാവ് വളർത്തൽ കേന്ദ്രമാണിത്. കഴിഞ്ഞ ആഴ്ചകളിൽ ചെറിയ താറാവുകൾ കൂട്ടത്തോടെ ചത്തൊടിങ്ങിയിരുന്നു. മഞ്ഞാടിയിലെ പക്ഷിരോഗ ഗവേഷണ കേന്ദ്രത്തിൽ സാമ്പിൾ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഇവിടെ നിന്ന് സാമ്പിൾ ഭോപ്പാലിലെ ജന്തുരോഗ നിർണയ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. തലവടി, എടത്വ തുടങ്ങിയ സമീപ പ്രദേശങ്ങളിൽ കഴിഞ്ഞമാസം പക്ഷിപ്പനി കണ്ടെത്തിയിരുന്നു. എങ്കിലും അതീവ സുരക്ഷിതമായാണ് താറാവുകളെ ഈ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്. മുമ്പ് സമീപപ്രദേശങ്ങളിൽ രോഗബാധ ഉണ്ടായപ്പോഴും നിരണം ഡക്ക് ഫാമിലെ താറാവുകൾ പ്രതിരോധശേഷി കൈവരിച്ചിരുന്നു.
രോഗബാധ പക്ഷികളിൽ നിന്ന്
ദേശാടനപക്ഷികളിൽ നിന്നാവാം ഡക്ക് ഫാമിലെ താറാവുകൾക്ക് രോഗം പടർന്നതെന്നാണ് അധികൃതരുടെ നിഗമനം. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എച്ച് അഞ്ച് - എൻ എട്ട് എന്ന വൈറസാണ് പടർന്നത്. ഇന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കും.
ഡക്ക് ഫാമിൽ
വലിയ താറാവുകൾ: 2,500,
ചെറിയ താറാവുകൾ : 1,500
ഇനങ്ങൾ : കുട്ടനാട്ടിലെ ചാര, ചെമ്പല്ലി, വിഗോവ.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രാഥമിക പ്രതിരോധ നടപടികൾ ആരംഭിച്ചു. പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കുന്നതാണ് പതിവ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ഡക്ക് ഫാം അധികൃതർ