രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. മണ്ഡല മകര വിളക്ക് കാലത്ത് മാത്രമല്ല, മാസപൂജാ വേളകളിലും അയ്യപ്പദർശനം തേടി എത്തുന്നത് തീർത്ഥാടക സഹസ്രങ്ങളാണ്. നിലവിലുള്ള സൗകര്യങ്ങളിൽ തീർത്ഥാടക പ്രവാഹത്തെ നിയന്ത്രിക്കാൻ ബുദ്ധുമുട്ടുകയാണ് ദേവസ്വം ബോർഡും സർക്കാരും. കാലാനുസൃതമായ സാങ്കേതിക സൗകര്യങ്ങൾ ശബരിമലയിൽ നടപ്പാക്കേണ്ട കാലം അതിക്രമിച്ചു. ശബരിമലയിലെ പ്രശ്നങ്ങളെയും പരിഹാരങ്ങളെയും വിലയിരുത്തിയുള്ള പരമ്പര ഇന്ന് മുതൽ : പൂങ്കാവനം തേടുന്നു പുതിയ മുഖം
ഏറെ പ്രതീക്ഷയായി റോപ് വേ
പത്തനംതിട്ട : കൂടുതൽ സൗകര്യമൊരുക്കാൻ ശബരിമലയിൽ റോപ് വേ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി അഡ്വക്കേറ്റ് കമ്മിഷൻ എ.എസ്.പി കുറിപ്പിന്റെ സാന്നിദ്ധ്യത്തിൽ നടന്ന സർവേയുടെ റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബഞ്ച് 27ന് പരിഗണിക്കും. കോടതിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ 2, 3 തീയതികളിലാണ്, പെരിയാർ വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ കെ.യു.ഹരികൃഷ്ണൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ചക്രവർത്തി എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ശബരിമല ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാർ, റോപ് വേ നിർമ്മാണ കമ്പനിയായ കൊൽക്കത്ത ദാമോദർ കേബിൾ കാർ കൺസ്ട്രക്ഷൻസിന്റെ ഓപ്പറേഷൻസ് ഹെഡ് ഉമാനായർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വീണ്ടും സർവേ നടത്തിയത്. ഇത് സംബന്ധിച്ച് വനംവകുപ്പ് സ്‌കെച്ചും പ്ലാനുമുൾപ്പടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കി 23ന് ഹൈക്കോടതിയിൽ സമർപ്പിക്കും. റിപ്പോർട്ടിന്മേൽ കോടതിയുടെ അനുകൂല തീരുമാനമുണ്ടായാൽ കേന്ദ്ര വനംവകുപ്പിന്റെ അനുമതിക്കായി അപേക്ഷ നൽകും.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതവും സുഗമവുമാക്കാനും അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസായി ഉപയോഗിക്കുന്നതിനുമാണ് റോപ് വേ.
നീളം : 2.8 കിലോമീറ്രർ,
തുടക്കം : പമ്പാ ഹിൽ ടോപ്പിൽ നിന്ന്.
5സ്റ്റീൽ ടവറുകൾ
നീലിമല, ചരൽമേട്, മരക്കൂട്ടം എന്നിവിടങ്ങളിൽ ശരണപാതയോട് ചേർന്നും ഒരു ടവർ മരക്കൂട്ടത്തിനും മാളികപ്പുറം പൊലീസ് ബാരക്കിനും ഇടയിലുള്ള വനത്തിലുമായി സ്ഥാപിക്കും.
40 മുതൽ 70 മീറ്റർ ഉയരത്തിൽ കേബിളുകൾ സ്ഥാപിക്കും.
24 മാസംകൊണ്ട് പദ്ധതി യാഥാർത്ഥ്യമാകും.
തടസവാദങ്ങൾ തിരിച്ചടി
2011ൽ ആണ് റോപ് വേ നിർമ്മാണത്തിനുള്ള നടപടി തുടങ്ങിയത്. വനംവകുപ്പിന്റെ തുടർച്ചയായുള്ള തടസവാദങ്ങളാണ് പദ്ധതി നീണ്ടുപോകാൻ കാരണം.
സന്നിധാനത്ത് നിന്ന് പമ്പയിലേക്കും തിരിച്ചും സാധനങ്ങൾ എത്തിക്കാൻ ഒരു വർഷം ശരാശരി 40,000 സർവീസുകൾ ട്രാക്ടറുകൾ നടത്തുന്നുണ്ട്. പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ ശബരിമല കാടുകളിലെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഇത് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. കൊടുംവളവുകളും കുത്തിറക്കവും കയറ്റവുമുള്ള പാതയിൽ തീർത്ഥാടകരുടെ ഇടയിലൂടെയുള്ള ട്രാക്ടറിന്റെ സഞ്ചാരം അപകടകരവുമാണ്.